
ലക്നൗ: കുംഭമേളയിൽ തീർഥാടനത്തിനെത്തിയ സ്ത്രീകൾ സ്നാനം ചെയ്യുന്ന വീഡിയോകൾ വിൽക്കുന്ന രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്.
കുംഭമേളയുമായി ബന്ധപ്പെട്ട കുറ്റകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ മോണിറ്ററിങ് വിഭാഗമാണ് ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നനതായി കണ്ടെത്തിയത്.
ഇത് വ്യക്തികളുടെ സ്വകാര്യതയുടെയും മാന്യതയുടെയും ലംഘനമാണെന്നു പൊലീസ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാറിന്‍റെ നിര്‍ദേശം അനുസരിച്ചാണ് കേസെടുത്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. കുറ്റവാളികളായ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതിനായി പൊലീസ് മെറ്റയുടെ സഹായം തേടിയിട്ടുണ്ട്.