

വധുവരന്മാർ വേദി തകർന്ന് താഴെ വീഴുന്നു
ലഖ്നൗ: വിവാഹ സത്കാരത്തിനിടെ വധുവരന്മാരെ ആശീർവദിക്കാനായി ബിജെപി നേതാക്കൾ കൂട്ടത്തോടെ വേദിയിലേക്ക് കയറിയതോടെ വേദി തകർന്നുവീണു. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. സ്റ്റേജ് തകർന്ന് വധുവരന്മാരും ബിജെപി നേതാക്കളും താഴേ വീണെങ്കിൽ ആർക്കും പരുക്കില്ല.
സംഭവത്തിന്‍റെ വീഡിയോ സാമൂഹികമാധ്യങ്ങളിൽ വൈറലായിട്ടുണ്ട്.
ബിജെപി നേതാവ് അഭിഷേക് സിങ് എഞ്ചിനീയറുടെ സഹോദരന്‍റെ വിവാഹസത്കാരത്തിനിടെയായിരുന്നു അപകടം. ബല്ലിയയിലെ രാംലീല മൈതാനത്താണ് സത്കാരം സംഘടിപ്പിച്ചിരുന്നത്. വധുവരന്മാരെ ആശീർവദിക്കാൻ കൂട്ടത്തോടെ വേദിയിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. ബിജെപി ജില്ലാപ്രസിഡന്‍റ് സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിങ്, ബിജെപി മുൻ ജില്ലാസെക്രട്ടറി സുർജിത് സിങ് എന്നിവരടക്കം പത്തോളം പേരാണ് വേദിയിലെത്തിയത്. വേദിയിലെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് സ്റ്റേജ് തകർന്ന് വീണത്. പ്ലൈവുഡ് ഉപയോഗിച്ചാണ് സ്റ്റേജ് നിർമ്മിച്ചിരുന്നത്. അമിത ഭാരം മൂലമാണ് സ്റ്റേജ് തകർന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.