റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500% നികുതി: ഇന്ത്യക്ക് ഭീഷണിയായി യുഎസ് ബിൽ

ഊർജവും സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ താത്പര്യങ്ങൾ എംബസിയും അംബാസഡറും യുഎസിനെ ധരിപ്പിച്ചിച്ചിട്ടുണ്ടെന്ന് എസ്. ജയശങ്കർ
US anti-Russia Bill threat for India

യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Updated on

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെ എന്തു സാധനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം അധിക നികുതി ചുമത്താൻ നിർദേശിക്കുന്ന ബിൽ യുഎസ് സെനറ്റിലേക്ക്. നൂറംഗ സെനറ്റിൽ 80 പേരുടെയും പിന്തുണ ബില്ലിനുണ്ടെന്നാണ് സൂചന. അതിനാൽ ഇതു പാസായാൽ പ്രസിഡന്‍റിന്‍റെ വീറ്റോ അധികാരം ഉപയോഗിച്ചും തടയാൻ സാധിക്കില്ല.

സെനറ്റർ ലിൻഡ്സെ ഗ്രഹാം കൊണ്ടുവരുന്ന ബിൽ, പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനുമതി നേടിയ ശേഷം യുഎസ് കോൺഗ്രസിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. യുക്രെയ്ൻ പ്രശ്നത്തിൽ ചർച്ചയ്ക്കു തയാറാകാത്ത റഷ്യയുടെ 'നടുവൊടിക്കുന്ന' തരത്തിൽ ഉപരോധങ്ങൾ ഏർപ്പെടുത്തുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യം. ഇതോടൊപ്പം, റഷ്യയുമായി വ്യാപാര പങ്കാളിത്തം തുടരുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ അധിക തീരുവയും ചുമത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.‌

റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യയെയും ചൈനയെയുമാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നിലവിൽ വന്ന ശേഷം റഷ്യ അന്താരാഷ്ട്ര വിപണിയിലേതിനെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യക്ക് എണ്ണ വിൽക്കുന്നത്. ഇതു സംസ്കരിച്ച് പെട്രോളിയം ഉത്പന്നങ്ങളാക്കി ഇന്ത്യ കയറ്റുമതി ചെയ്യുന്നുമുണ്ട്.‌

ഇന്ത്യ ഉപരോധത്തോടു സഹകരിക്കാത്തതിനെക്കുറിച്ച് മുൻപ് ചോദ്യങ്ങളുയർന്നപ്പോൾ, പാശ്ചാത്യ ലോകത്തിന്‍റെ പ്രശ്നങ്ങളെല്ലാം ലോകത്തിന്‍റെ മുഴുവൻ പ്രശ്നങ്ങളാണെന്ന ധാരണ ശരിയല്ലെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മറുപടി നൽകിയത്. ഇവിടത്തെ പ്രശ്നങ്ങൾ പലവട്ടം അന്താരാഷ്ട്ര വേദികളിൽ ഉന്നയിച്ചിട്ടും ഇന്ത്യക്കു പ്രതീക്ഷിച്ച പിന്തുണ കിട്ടിയിട്ടില്ലെന്നും പാക്കിസ്ഥാനെ നേരിട്ടു പരാമർശിക്കാതെ കേന്ദ്ര സർക്കാർ അന്നു വ്യക്തമാക്കിയിരുന്നു.‌

പുതിയ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, ബിൽ തയാറാക്കിയ സെനറ്റർ ലിൻഡ്സെ ഗ്രാമുമായി ഇന്ത്യൻ പ്രതിനിധികൾ നേരിട്ടു സംസാരിച്ചു കഴിഞ്ഞെന്ന് ജയശങ്കർ അറിയിച്ചിട്ടുണ്ട്. ഊർജവും സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ താത്പര്യങ്ങൾ എംബസിയും അംബാസഡറും ഗ്രഹാമിനെ ധരിപ്പിച്ചിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com