
ന്യൂഡൽഹി: യുഎസിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനത്തിൽ തിരിച്ചെത്തുന്നത് 205 പേരെന്ന് വിവരം. സി-17 സൈനിക വിമാനത്തിലാണ് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത്. ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക വിമാനം ടെക്സാസിൽ നിന്ന് പറന്നുയർന്നു.
യുഎസിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്ന നിരവധി വിമാനങ്ങളിൽ ആദ്യത്തേതാണിതെന്നാണ് റിപ്പോരർട്ടുകൾ സൂചിപ്പിക്കുന്നത്. 205 യാത്രക്കാർക്ക് ഇരിക്കാവുന്ന വിമാനത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎസിൽ 18,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. അനധികൃത കുടിയേറ്റക്കാർക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കർശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് നാടുകടത്താൻ വിധിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ നേരത്തെ യുഎസ് സൈനിക വിമാനങ്ങളിൽ തിരിച്ചയച്ചിരുന്നു.
നേരത്തെ, യുഎസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ നിയമപരമായ തിരിച്ചുവരവിന് വാതിൽ തുറന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച യുഎസിലേക്ക് പറക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്‍റെ ആദ്യ റൗണ്ട് ആരംഭിച്ചത്.
ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം മോദിയുടെ ആദ്യ യുഎസ് സന്ദർശനമാണ് നടക്കാൻ പോകുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള യുഎസ് നടപടികൾക്ക് ഇന്ത്യ പിന്തുണ നൽകുമെന്നും ട്രംപ് അറിയിച്ചിരുന്നു.