മോദിയുടെ ഫ്രണ്ട് ഇന്ത്യക്കാരെ നാടുകടത്തിയത് വിലങ്ങുവച്ചും ചങ്ങലയ്ക്കിട്ടും!

മനുഷ്യാവകാശ ലംഘനത്തിനെതിരേ ബ്രസീലും കൊളംബിയയും അടക്കമുള്ള രാജ്യങ്ങൾ ഔദ്യോഗികമായി പ്രതിഷേധിച്ചു, ഇന്ത്യൻ സർക്കാർ യുഎസിനെ ന്യായീകരിക്കുക മാത്രം ചെയ്യുന്നു.
Indian Prime Minister Narendra Modi and US President Donald Trump
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുംFile
Updated on

MV Desk

അനധികൃതമായി യുഎസിലേക്ക് കുടിയേറിയ 205 ഇന്ത്യക്കാരെ യുഎസ് നാടുകടത്താൻ ഉപയോഗിച്ചത് മനുഷ്യത്വരഹിതമായ രീതികളെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്ത ശേഷമാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാടുകടത്തൽ നടപടികൾ ആരംഭിച്ചത്. 18,000 അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാമെന്ന് മോദിയുമായുള്ള ചർച്ചയിൽ ട്രംപിന് ഉറപ്പും കിട്ടിയിരുന്നു.

സിവിലിയൻ വിമാനത്തിനു പകരം സൈനിക വിമാനത്തിൽ നാടുകടത്തുന്നതിനെതിരേ വിവിധ ലോകരാജ്യങ്ങളിൽ സർക്കാർ തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. തിരിച്ചയക്കുന്നവർക്ക് കൈവിലങ്ങിട്ടതിനെ ബ്രസീൽ സർക്കാർ ചോദ്യം ചെയ്തു. സൈനിക വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകില്ലെന്ന് കൊളംബിയൻ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തി. എന്നാൽ, ഇന്ത്യയിൽ ഇത്തരത്തിൽ യാതൊരു എതിർപ്പും സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

കുടിയേറ്റക്കാരെ സൈനിക വിമാനത്തിലയച്ച നടപടിയെ കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചതോടെയാണ് രാജ്യത്ത് ഈ വിഷയം ചർച്ചയായതു തന്നെ. യാത്രക്കാരെ കൈകൾ ബന്ധിച്ച് ഇരുത്തിയ ചിത്രങ്ങൾ പുറത്തുവന്നതോടെ, ഇത് ഇന്ത്യക്കാരുടെ ചിത്രമല്ലെന്ന വിശദീകരണമാണ് സർക്കാർ നൽകിയത്. എന്നാൽ, ഇത്രയധികം പേരെ ഒരു ദിവസത്തിലേറെ നീണ്ട യാത്രയിൽ ഒരുമിച്ച് കൊണ്ടുവന്ന വിമാനത്തിൽ ഒരു ടോയ്ലറ്റ് മാത്രമാണുണ്ടായിരുന്നതെന്നും, ആവശ്യത്തിനു വെള്ളം പോലും കിട്ടിയില്ലെന്നുമുള്ള ആരോപണങ്ങൾക്കും ഇന്ത്യയുടെയോ യുഎസിന്‍റെയോ സർക്കാരുകൾ ഔദ്യോഗികമായി മറുപടിയൊന്നും നൽകിയിട്ടില്ല.

തഹാവൂർ റാണയെ പോലുള്ള ഭീകരരെ ഇന്ത്യക്കു കൈമാറുമ്പോൾ പോലും ഇന്ത്യൻ ജയിലുകളിൽ മതിയായ സൗകര്യങ്ങളുണ്ടോ, ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുമോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുന്ന രാജ്യമാണ് ജീവിതം തേടി കടലും മലയും താണ്ടിയെത്തിയവരോട് ഈ ക്രൂരത കാണിക്കുന്നത്.

ഡൽഹിക്കു പകരം അമൃത്സറിൽ വിമാനമിറക്കാൻ തീരുമാനിച്ചതു പോലും ഇത്തരം മനുഷ്യാവകാശലംഘനങ്ങൾ മറച്ചുവയ്ക്കാനാണെന്ന് പാർലമെന്‍റിൽ തന്നെ ആരോപണം ഉയർന്നുകഴിഞ്ഞു.

19 സ്ത്രീകളും 13 കുട്ടികളും യുഎസിന്‍റെ സൈനിക വിമാനത്തിൽ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതിൽ നാല് വയസുള്ള കുട്ടിയാണ് ഏറ്റവും പ്രായം കുറഞ്ഞ 'അനധികൃത കുടിയേറ്റക്കാരൻ'!

യുഎസിലേക്ക് നിയമപരമായി തന്നെ എത്താമെന്നു വിശ്വസിപ്പിച്ച ഏജന്‍റുമാർക്ക് ലോണെടുത്തു വരെ വലിയ തുക കൈമാറി ചതിക്കപ്പെട്ടവരാണ് ഇവരിൽ ഏറെയും. പല രാജ്യങ്ങൾ കറങ്ങിയും 45 കിലോമീറ്റർ വരെ നടന്നുമൊക്കെയാണ് അനധികൃത പാതകളിലൂടെ ഇവരെ യുഎസിലേക്കു കടത്തിയതെന്ന് തിരിച്ചെത്തിയവരുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. മനുഷ്യക്കടത്തിന്‍റെ ഇരകളാണ് ഇവരിൽ ബഹുഭൂരിപക്ഷം പേരും.

30 ലക്ഷം രൂപ ഏജന്‍റിനു കൊടുത്താണ് ജസ്പാൽ സിങ് എന്ന മുപ്പത്താറുകാരൻ യുഎസിലേക്കു പോയത്. ബ്രസീൽ വരെ വിമാനത്തിലായിരുന്നു യാത്ര. അവിടെനിന്ന് മനുഷ്യക്കടത്തുകാർ ഉപയോഗിക്കുന്ന 'ഡോങ്കി റൂട്ട്' എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാതയിലൂടെ. ആറു മാസം ബ്രസീലിൽ താമസിച്ച ശേഷമാണ് യുഎസിലേക്ക് യാത്ര തുടങ്ങിയത്. അതിർത്തിയിൽ തന്നെ അറസ്റ്റിലായി, 11 ദിവസം അവിടെ കസ്റ്റഡിയിൽ കഴിഞ്ഞു. നാടുകടത്താൻ വിമാനത്തിൽ കയറ്റുമ്പോൾ, എങ്ങോട്ടാണു കൊണ്ടുപോകുന്നത് എന്നുപോലും യാത്രികർക്ക് അറിയില്ലായിരുന്നു. മറ്റേതെങ്കിലും ഡിറ്റൻഷൻ സെന്‍ററിലേക്കു മാറ്റുകയാവും എന്നാണ് മിക്കവരും കരുതിയത്. പിന്നീടാണ് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയാണെന്ന് പറയുന്നത്. കൈകളിൽ വിലങ്ങും കാലുകളിൽ ചങ്ങലയും അണിയിച്ചിരുന്നു എന്നും ജസ്പാൽ പറയുന്നു.

ഖത്തർ, ബ്രസീൽ, കൊളംബിയ, പനാമ, നിക്കരാഗ്വ, മെക്സികോ വഴി കറങ്ങിയാണ് ഹർവീന്ദർ സിങ്ങിനെ യുഎസിലെത്തിക്കുന്നത്. ദിവസങ്ങളോളം നടന്നു; 17-18 മലകൾ കയറിയിറങ്ങി; കടലിൽ മുങ്ങിച്ചാവാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും ഹർവീന്ദർ പറയുന്നു. എന്നാൽ, ഒരാൾ പനാമയിലെ കാട്ടിലും മറ്റൊരാൾ കടലിലും മരിച്ചുവീഴുന്നതിനു താൻ സാക്ഷിയാണെന്നും അദ്ദേഹം പറയുന്നു. യാത്രയ്ക്കിടെ പരുക്കേറ്റവരെ അവിടെത്തന്നെ ഉപേക്ഷിച്ച് മരിക്കാൻ വിടുകയാണ് മനുഷ്യക്കടത്തുകാരുടെ രീതി. നിരവധി മൃതദേഹങ്ങളാണ് യാത്രയിലുടനീളം ഹർവീന്ദറും കൂട്ടരും കണ്ടത്.

സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ശേഷവും കുടിയേറ്റക്കാരുടെ പീഡനകാലം അവസാനിച്ചില്ല. പഞ്ചാബ് പൊലീസും കേന്ദ്ര ഇന്‍റലിൻസ് ഉദ്യോഗസ്ഥരും അടക്കം വിവിധ ഏജൻസികളാണ് ഇവരെ ചോദ്യം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com