'കുറ്റകൃത്യങ്ങൾ വിസ റദ്ദാക്കലിനു കാരണമായേക്കും'; ഇന്ത്യക്കാർക്ക് യുഎസ് എംബസിയുടെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കാരി യുഎസില്‍ മോഷണശ്രമത്തിനിടെ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നത്.
us embassy visa warning india after indian woman caught in shoplifting

ഇന്ത്യക്കാർക്ക് യുഎസ് എംബസിയുടെ മുന്നറിയിപ്പ്

Updated on

ന്യൂഡൽഹി: യുഎസിൽ മോഷണശ്രമത്തിനിടെ ഇന്ത്യന്‍ വനിത പിടിയിലായതിനു പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. യുഎസിൽ ആക്രമണം, മോഷണം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ നിയമപ്രശ്‌നങ്ങള്‍ മാത്രമല്ല, വിസ റദ്ദാക്കുന്നതിനും കാരണമാകുമെന്നാണ് യുഎസ് എംബസിയുടെ അറിയിപ്പ്. കൂടാതെ, ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ഭാവിയില്‍ യുഎസ് വിസയ്ക്ക്‌ അയോഗ്യരാകുമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.

എക്‌സിലൂടെയാണ് ഇന്ത്യയിലെ യുഎസ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. "യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആക്രമണം, മോഷണം അല്ലെങ്കിൽ കവർച്ച എന്നിവയ്ക്ക് നിങ്ങൾക്ക് നിയമപരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുക മാത്രമല്ല - അത് നിങ്ങളുടെ വിസ റദ്ദാക്കപ്പെടുന്നതിലേക്കും ഭാവിയിൽ യുഎസ് വിസയ്ക്ക് നിങ്ങളെ അയോഗ്യരാക്കുകയും ചെയ്യും. യുണൈറ്റഡ് സ്റ്റേറ്റ്സ് ക്രമസമാധാനത്തെ വിലമതിക്കുകയും വിദേശ സന്ദർശകർ എല്ലാ യുഎസ് നിയമങ്ങളും പാലിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു."

കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കാരി യുഎസില്‍ മോഷണശ്രമത്തിനിടെ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നത്. ഇല്ലിനോയിലെ 'ടാര്‍ഗറ്റ്' സ്റ്റോറില്‍ യുവതി 1300 ഡോളര്‍ വില വരുന്ന (ഏകദേശം 1.11 ലക്ഷം രൂപ) വസ്തുക്കൾ മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലാവുന്നത്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ബോഡിക്യാം ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഇവർ സ്റ്റോറിൽ ഏഴു മണിക്കൂറോളം ചുറ്റിപ്പറ്റി നടന്ന് സാധനങ്ങൾ ഓരോന്ന് എടുത്ത് ഫോണിൽ നോക്കി നടന്ന് സ്റ്റോറിന്‍റെ വെസ്റ്റ് ഗേറ്റിലൂടെ പണമടയ്ക്കാതെ പുറത്തേക്കു കടക്കുകയായിരുന്നു.

പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയപ്പോൾ യുവതി പൊലീസുകാർക്ക് പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും വിവരമുണ്ട്. എന്നാൽ, ഇന്ത്യയില്‍ നിങ്ങള്‍ക്ക് സാധനങ്ങള്‍ മോഷ്ടിക്കാന്‍ അനുവാദമുണ്ടോയെന്നും, താന്‍ അങ്ങനെ കരുതുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് മറുപടി നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. സ്ഥാപനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയില്‍ വിലങ്ങണിയിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർക്കെതിരേ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയെന്നാണ് ഒടുവിലായി പുറത്തുവന്ന വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com