'സിജെപിക്ക് യുഎസ് ഫണ്ടിങ്'; മോദി സർക്കാരിനെ പിന്തുണച്ച് അമെരിക്കൻ ഗായിക മേരി മിൽബെൻ

അഭിജീത് ദിപ്‌കെയുടെയും സിജെപിയുടെയും പേരെടുത്തുപറഞ്ഞുകൊണ്ടായിരുന്നു അവരുടെ പ്രതികരണം

Mary Millben

മേരി മിൽബെൻ

Updated on: 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്ന അമെരിക്കൻ ദാതാക്കൾ കോക്രോച്ച് ജനത പാർട്ടിക്ക് (സിജെപി) സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ച് യുഎസ് ഗായിക മേരി മിൽബെൻ. പാർട്ടിക്കെതിരേ സംഘടിച്ച് സമാധാനപരമായി പ്രതിഷേധിക്കാൻ യുവ ഇന്ത്യക്കാരോട് അവർ ആവശ്യപ്പെട്ടു.

'മൗനം പാലിക്കേണ്ട സമയമല്ല ഇത്' എന്ന് മേരി മിൽബെൻ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അഭിജീത് ദിപ്‌കെയുടെയും സിജെപിയുടെയും പേരെടുത്തുപറഞ്ഞുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

'എന്‍റെ പ്രിയപ്പെട്ട യുവ ദേശസ്നേഹികളേ, ഭയപ്പെടരുത്. 25 വർഷമായി ഇന്ത്യയുടെ പൊതുസേവനരംഗത്തുള്ള, അതിൽ 12 വർഷം പ്രധാനമന്ത്രിയായിരുന്ന, തുടർച്ചയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട നിങ്ങളുടെ പ്രധാനമന്ത്രി എന്‍റെ രാജ്യത്ത് നിന്നുള്ള തടസപ്പെടുത്തൽ ശക്തികൾക്ക് മുന്നിൽ തലകുനിക്കില്ല' എന്നും മിൽബെൻ കുറിച്ചു.

ലോകമെമ്പാടും യാഥാസ്ഥിതിക നേതാക്കളെ ലക്ഷ്യമിട്ട് അമെരിക്കൻ ദാതാക്കൾ സമാനമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മിൽബെൻ ആരോപിച്ചു. 'ആ രാജ്യത്ത് നിന്നുള്ള അമെരിക്കയിൽ വിദ്യാഭ്യാസം നേടിയ ഒരാളെ കണ്ടെത്തുക, തീവ്രവൽക്കരിക്കുക, സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുക, അവിടെ അരാജകത്വവും നാശവും സൃഷ്ടിക്കാൻ പണം നൽകുക' എന്നതാണ് അവരുടെ രീതിയെന്ന് മിൽബെൻ കുറിച്ചു. ഇത്തരം ശ്രമങ്ങൾ വിജയിച്ചിട്ടില്ലെങ്കിലും രാജ്യത്തിന്‍റെ വികസനത്തെയും ഭരണത്തെയും ബാധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല മിൽബെൻ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊതുസേവനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ വേളയിൽ മോദിയെ അവർ അഭിനന്ദിച്ചിരുന്നു. 'ഇന്ത്യൻ സ്വപ്നത്തിന്‍റെ തിളങ്ങുന്ന വഴികാട്ടി' എന്നാണ് മോദിയെ അവർ വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം മോദിയെ 'നല്ല സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച മിൽബെൻ, ഇന്ത്യയിലും ആഗോളതലത്തിലുമുള്ള അദ്ദേഹത്തിന്‍റെ നേതൃത്വത്തെ പ്രശംസിച്ചിരുന്നു.

ഓഗസ്റ്റിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത മാഡിസൺ സ്ക്വയർ ഗാർഡനിലെ പരിപാടിയെ എതിർത്തവരെയും മിൽബെൻ വിമർശിച്ചിരുന്നു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയെ ലക്ഷ്യമിട്ടായിരുന്നു എക്സിലെ അവരുടെ കുറിപ്പ്. മോദിയെയും ബിജെപിയെയും എതിർക്കുന്നതിനാലാണ് പരിപാടിയുടെ എതിരാളികൾ അതിനെ എതിർക്കുന്നതെന്നും അവർ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com