ബിജെപിയെ തോൽപ്പിക്കാൻ യുഎസ് സർക്കാർ ശ്രമിച്ചു: ട്രംപ്

"എനിക്കു തോന്നുന്നത് മറ്റാരോ തെരഞ്ഞെടുക്കപ്പെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്നാണ്. ഇക്കാര്യം ഇന്ത്യാ ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഇതൊരു വഴിത്തിരിവുമാണ്", ട്രംപ് പറഞ്ഞു
 Joe Biden's US Govt tried to fail BJP in India, alleges Donald Trump
ബിജെപിയെ തോൽപ്പിക്കാൻ യുഎസ് സർക്കാർ ശ്രമിച്ചു: ട്രംപ്File
Updated on

ന്യൂഡൽഹി: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ ഇടപെടാൻ ജോ ബൈഡന്‍റെ നേതൃത്വത്തിലുള്ള മുൻ ഭരണകൂടം ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ പോളിങ് വർധിപ്പിക്കാനെന്ന പേരിൽ നൽകിയ 2.1 കോടി ഡോളറിന്‍റെ (160 കോടിയോളം രൂപ) സഹായം റദ്ദാക്കിയതിനെക്കുറിച്ചു പറയുമ്പോഴാണു ബൈഡൻ ഭരണകൂടത്തിനും 'ഡീപ് സ്റ്റേറ്റ്' ഏജൻസികൾക്കുമെതിരേ ട്രംപിന്‍റെ ഗൗരവമേറിയ പരാമർശം.

"ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ യുഎസ് എന്തിന് 2.1 കോടി ഡോളർ ചെലവഴിക്കണം? എനിക്കു തോന്നുന്നത് അവർ (ബൈഡൻ ഭരണകൂടം) മറ്റാരോ തെരഞ്ഞെടുക്കപ്പെടാൻ വേണ്ടി ശ്രമിച്ചെന്നാണ്. ഇക്കാര്യം ഇന്ത്യാ ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഇതൊരു വഴിത്തിരിവുമാണ്"- ട്രംപ് പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നൽകിവന്ന ഫണ്ട് റദ്ദാക്കാൻ ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡിപ്പാർട്ട്‌മെന്‍റ് ഒഫ് ഗവൺമെന്‍റ് എഫിഷൻസി (ഡോജ്) തീരുമാനിച്ചിരുന്നു. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഫണ്ടും ഇതോടൊപ്പം റദ്ദാക്കി. നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ ശതകോടീശ്വരൻ ജോർജ് സോറോസിന്‍റെ പിന്തുണയോടെ യുഎസ് ഡീപ് സ്റ്റേറ്റ് ഏജൻസികൾ ശ്രമിച്ചെന്ന് ബിജെപി നേതൃത്വം ഉൾപ്പെടെ ആരോപിക്കുന്നുണ്ട്.

കേന്ദ്രം അന്വേഷിക്കുന്നു

പൊതുതെരഞ്ഞെടുപ്പിൽ ഇടപെടാനും ഭരണം അട്ടിമറിക്കാനും ശതകോടീശ്വരൻ ജോർജ് സോറോസും യുഎസ് ഡീപ് സ്റ്റേറ്റ് ഏജൻസികളും ശ്രമിച്ചെന്ന ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. രാജ്യത്തിന്‍റെ പരമാധികാരത്തിൽ കടന്നുകയറാൻ വിദേശ ഭരണകൂടങ്ങൾക്കും ഏജൻസികൾക്കും അവസരമൊരുക്കിയവർക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നു സർക്കാർ വൃത്തങ്ങൾ.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന് സൂചന നൽകിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎസിൽ അധികാരത്തിലെത്തിയ ഉടൻ അമെരിക്കൻ സഹായം സ്വീകരിച്ചവരുടെ പട്ടിക ഇന്ത്യയ്ക്കു കൈമാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, മാധ്യമപ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവരുടെയും സന്നദ്ധ സംഘടനകളുടെയും പട്ടികയാണു കൈമാറിയത്. ഇതിലെ പണമിടപാടുകളുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ് ഇരു രാജ്യങ്ങളും. പരിശോധന പൂർത്തിയായാൽ നടപടി അടുത്തഘട്ടത്തിലേക്കു കടക്കും. നിലവിൽ യുഎസ് സഹായം സ്വീകരിച്ച വ്യക്തികൾക്ക് ചോദ്യാവലി അയച്ചു തുടങ്ങി.

പട്ടികയിലുള്ള വ്യക്തികളുടെ വിദേശ യാത്രാ വിവരങ്ങളും തേടിയിട്ടുണ്ട്. ചില അസ്വാഭാവിക പണമിടപാടുകൾ കണ്ടെത്തിയതായാണു റിപ്പോർട്ട്. തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടാനുള്ള വിദേശ ശക്തികളുടെ ശ്രമവും ഇതിലേക്കുള്ള പണമൊവുക്കും ഏറെ ഗൗരവത്തോടെയാണു കേന്ദ്രം കാണുന്നതെന്നു സർക്കാർ വൃത്തങ്ങൾ.

എന്നാൽ, യുഎസ് സഹായത്തെക്കുറിച്ചുള്ള ചർച്ചകളിൽ കഥയില്ലെന്നാണു കോൺഗ്രസ് എംപി ജയ്റാം രമേശിന്‍റെ പ്രതികരണം. 1961 നവംബർ മൂന്നിനാണു യുഎസ് സഹായനിധി തുടങ്ങിയത്. ഇപ്പോഴാണോ ഇതേക്കുറിച്ചു ചർച്ച. പതിറ്റാണ്ടുകളായി ആരൊക്കെ യുഎസ് സഹായം സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നും ജയ്റാം രമേശ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com