

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
File photo
വാഷിങ്ടൺ: ഓപ്പറേഷൻ സിന്ദൂർ നിർത്തിവയ്ക്കുന്നതിൽ ഇടപെട്ടതിന് തനിക്ക് നന്ദി അറിയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്‍റെ ഐക്യരാഷ്ട്രസഭാ (യുഎൻ) പ്രസംഗത്തിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവച്ച 87 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ദക്ഷിണേഷ്യയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ട്രംപിന്‍റെ ദൃഢവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിനും സമയോചിതമായ ഇടപെടലിനും ഷെഹ്ബാസ് നന്ദി അറിയിച്ചു.
കഴിഞ്ഞ മേയിൽ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ ‘ബാഹ്യ ആക്രമണം’ എന്നാണ് വീഡിയോയിൽ ഷെഹ്ബാസ് ഷരീഫ് വിശേഷിപ്പിച്ചത്. പാക്കിസ്ഥാൻ കരസേനാ മേധാവി അസിം മുനീറിന്‍റെ ധീരമായ നേതൃത്വത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. യാതൊരു കുറിപ്പും ചേർക്കാതെയാണ് ട്രംപ് ഷെഹ്ബാസിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവച്ചത്.
ചൊവ്വാഴ്ച യുഎന്നിൽ നടത്തിയ പ്രസംഗത്തിൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ സഹായിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
തന്‍റെ അവകാശവാദമനുസരിച്ച്, ദക്ഷിണേഷ്യയിൽ മൂന്ന് കോടി ആളുകളുടെ ജീവൻ രക്ഷിച്ചത് യുഎസ് പ്രസിഡന്‍റാണെന്ന് ഷെഹ്ബാസ് പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. താൻ പരാമർശിച്ച മിക്ക രാജ്യങ്ങളും തന്‍റെ പങ്കിന് നന്ദി അറിയിച്ച് കത്തുകൾ അയച്ചതായും ട്രംപ് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്.
അതേസമയം, ട്രംപിന്‍റെ അവകാശവാദങ്ങൾ ഇന്ത്യ തള്ളിയിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന്‍റെ ഡയറക്റ്റർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യൻ സൈന്യത്തിലെ സമാന പദവിയിലുള്ള ഉദ്യോഗസ്ഥനോട് നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.