ആദ്യം അത്‌ലറ്റ്, പിന്നെ ഭരണകർത്താവ്: ഗുസ്തിക്കാരോട് പി.ടി. ഉഷ

ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി; മാധ്യമങ്ങളോടു സംസാരിക്കാതെ മടക്കം. വിശദാംശങ്ങൾ വെളിപ്പെടുത്തിയത് ബജ്റംഗ് പൂനിയ.
ആദ്യം അത്‌ലറ്റ്, പിന്നെ ഭരണകർത്താവ്: ഗുസ്തിക്കാരോട് പി.ടി. ഉഷ
Updated on

ന്യൂഡൽഹി: താൻ ആദ്യം ഒരു അത്‌ലറ്റാണെന്നും പിന്നീട് മാത്രമാണ് ഭരണകർത്താവിന്‍റെ റോളെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ. ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ചയ്ക്കെത്തിയപ്പോഴാണ് പരാമർശം.

നേരത്തെ, സമരം ചെയ്യുന്നവരെക്കുറിച്ച് അനുചിതമായ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിൽ സമരപ്പന്തലിൽ ഉഷയ്ക്കെതിരേ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഉഷ അവർക്കു തന്‍റെ എല്ലാ പിന്തുണയും ഉറപ്പ് നൽകി.

ഗുസ്തി താരങ്ങൾ സമരത്തിനിറങ്ങിയതു ശരിയായില്ലെന്നും, അത് രാജ്യത്തിന്‍റെ യശസ്സിനു കളങ്കം വരുത്തിയെന്നുമായിരുന്നു ഉഷയുടെ മുൻ പ്രസ്താവന. താരങ്ങൾ അച്ചടക്കം കാണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

താരങ്ങളുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കാൻ കൂട്ടാക്കാതെയാണ് ഉഷ മടങ്ങിയത്.

തന്‍റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ഉഷ തങ്ങളോടു പറഞ്ഞതായി ഗുസ്തി താരം ബജ്റംഗ് പൂനിയ പിന്നീട് മാധ്യമങ്ങളോടു വെളിപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com