
ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; കാണാതായ 67 പേർ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
ധരാലി: ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ദുരന്തം നടന്ന് 52 ദിവസം പിന്നിട്ടിട്ടും കാണാതായവരെക്കുറിച്ചുളള വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
പ്രളയത്തിൽ കാണാതായവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുളള നടപടിയെടുത്തതെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. എന്നാൽ, നിലവിലുള്ള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ മറികടന്നാണ് പ്രഖ്യാപനമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
കാണാതായി ഏഴു വർഷം കഴിഞ്ഞാൽ മാത്രമേ നിയമപ്രകാരം മരിച്ചതായി പ്രഖ്യാപിക്കാറുളളൂ. ബന്ധുകളുടെ കൂടി ആഭ്യർഥനയിലാണ് ഈ ചട്ടം മറികടന്നുള്ള നടപടി.
ഏഴു വർഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്ട്രേഷൻ നടത്താൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നൽകുകയായിരുന്നു. ഇതോടെ പ്രളയത്തിൽ കാണാതായവരുടെ കുടുംബം സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം ലഭിക്കാൻ അർഹരാവും. എന്നാൽ, കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇതോടെ ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്യും.