
ന്യൂഡൽഹി: ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചലിനെത്തുടർന്ന് കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനാവാതെ അഞ്ചാംദിനവും പരിശ്രമം തുടരുന്നു. ട്യൂബുകൾ വഴി ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെങ്കിലും ശാരിരീകാസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
വെല്ലുവിളികൾ നിറഞ്ഞതിനാൽ തന്നെ ഉള്ളിൽ അകപ്പെട്ടവരുടെ മനസാന്നിധ്യം നഷ്ടപ്പെടാതെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങളും രക്ഷാപ്രവർത്തകരുടെ ഭാഗത്തു നിന്നു നൽകുന്നുണ്ട്. ഇതിനിടെ യു.എസ് നിർമിത ഡ്രില്ലിങ് ഉപകരണമായ 'അമെരിക്കൻ ആഗർ' എത്തിക്കാനായത് രക്ഷാപ്രവർത്തനങ്ങളിൽ നിർണയകമാകുമെന്നാണ് വിലയിരുത്തൽ. വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവർത്തെ കൂടുതൽ സഹായിക്കും.
രക്ഷാപ്രവർത്തനത്തിനെത്തിച്ച ഡ്രില്ലിങ് മെഷീൻ തകരാറിലാകുകയും ചെയ്തതോടെയാണ് വിദേശ സംഘങ്ങളോടും സഹായം തേടിയത്. 2018ൽ തായ്ലൻഡ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കു ചുക്കാൻ പിടിച്ച കമ്പനിയോടാണ് ദൗത്യസംഘം ഉപദേശം തേടിയത്. തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യമുള്ള നോർവീജിയൻ ജിയൊ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. തുരങ്കങ്ങളുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിൽ പരിചയസമ്പത്തുള്ള കമ്പനികളാണിവ.
തുരങ്കത്തിനുള്ളിലേക്കു കൂറ്റൻ സ്റ്റീൽ പൈപ്പ് എത്തിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ആദ്യ ഡ്രില്ലിങ് മെഷീന് പ്രതീക്ഷിച്ച വേഗമില്ലാത്തതും തകരാറുണ്ടായതും ഇന്നലെ രക്ഷാ പ്രവർത്തനത്തിനു തിരിച്ചടിയായിരുന്നു. ഇതിനിടെ, കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കളടക്കം തുരങ്കമുഖത്ത് പ്രതിഷേധിച്ചത് ദൗത്യസംഘത്തിനു കൂടുതൽ സമ്മർദമായി. ഇതേത്തുടർന്നാണ് വ്യോമസേനയുടെ ഹെർക്കുലീസ് ചരക്കുവിമാനത്തിൽ ഡൽഹിയിൽ നിന്നമ മറ്റൊരു ഡ്രില്ലിങ് മെഷീൻ എത്തിച്ചത്. ചിന്ന്യാലിസൗർ ഹെലിപ്പാഡിൽ ഇറക്കിയ ഡ്രില്ലിങ് മെഷീൻ രാത്രിയോടെ തുരങ്കമിടിഞ്ഞ സിൽക്യാരയിലെത്തിച്ചു.
ബ്രഹ്മഖൽ- യമുനോത്രി ദേശീയ പാതയിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് തുരങ്കത്തിന്റെ പാളി ഇടിഞ്ഞുവീണത്. ചാർധാം തീർഥാടന പാതയിൽ സിൽക്യാരയെയും ദണ്ഡൽഗാവിനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിലാണ് അപകടം. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒമ്പതു മീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പ് തള്ളിക്കയറ്റി ഇതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണു ശ്രമം. നാൽപ്പതു മീറ്ററോളം നീളത്തിലാണ് അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം എപ്പോൾ ഫലപ്രാപ്തിയിലെത്തുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ദേശീയ പാത, അടിസ്ഥാന സൗകര്യ വികസന ഡയറക്റ്റർ അൻഷു മനീഷ് ഖാലിഖോ പറഞ്ഞു.