Uttarakhand nurse raped and killed 1 arrested
ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് 8 ദിവസത്തിനു ശേഷം

ഞെട്ടൽ മാറും മുന്നേ!!; ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് 8 ദിവസത്തിനു ശേഷം

പ്രതിയെ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്‌തു.
Published on

ന്യൂഡൽഹി: കൊല്‍ക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതിന്‍റെ ഞെട്ടൽ മാറുന്നതിനു മുന്‍പ് വീണ്ടും ക്രൂരകൊലപാതകം. ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 8 ദിവസത്തിനു ശേഷം ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിനെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ധർമേന്ദ്രയെ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞ മാസം 30നു കാണാതായ യുവതിയുടെ മൃതദേഹം ഈ മാസം 8നാണ് കണ്ടെടുത്തത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി, ഉത്തർപ്രദേശ് അതിർത്തിയിലുള്ള ബിലാസ്പുർ കാശിപുർ റോഡിൽ 11 വയസുള്ള മകളുമായി വാടകയ്ക്കു താമസിക്കുകയാണ്. ഇവിടെനിന്ന് ഏകദേശം ഒന്നരകിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

തുടർന്ന് യുവതിയെ കാണാനില്ലെന്ന് സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടതു മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീ‍ഡിപ്പിക്കുകയും ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കിയ ശേഷം ബലാത്സം​ഗം ചെയ്തായിരുന്നു ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു.

ജീർണിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയുടെ മൊബൈൽ ഫോണും പഴ്‌സിൽനിന്ന് 3,000 രൂപയും മോഷ്ടിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊലീസ് ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോവും.