

പ്രതീകാത്മക ചിത്രം
ഉത്തരകാശി: ഉത്തരാഖണ്ഡിലെ കേദാർതൽ ട്രെക്കിങ്ങിനിടെ ഹിമപാതത്തിൽപ്പെട്ട് കാണാതായ എട്ട് പേരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. അഞ്ച് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മഞ്ഞിനടിയിൽ നിന്ന് ചൊവ്വാഴ്ച മൃതദേഹങ്ങൾ വീണ്ടെടുത്തത്.
പശ്ചിമ ബംഗാൾ സ്വദേശിയായ ഒരു പുരുഷന്റെയും ഉത്തർപ്രദേശ് സ്വദേശിനിയായ സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉത്തരകാശി ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡ് പൊലീസിന്റെ ദുരന്ത നിവാരണ സംഘം, നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് തെരച്ചിൽ.
കഠിനമായ ഭൂപ്രകൃതിയെ അതിജീവിച്ചാണ് തെരച്ചിൽ നടക്കുന്നത്. ചൊവ്വാഴ്ചത്തെ തെരച്ചിൽ പൂർത്തിയാക്കി രക്ഷാപ്രവർത്തക സംഘം ബേസ് ക്യാമ്പിലേക്ക് മടങ്ങി. ഇനി ആറ് പേരെയാണ് കണ്ടെത്താനുള്ളത്.
ഒക്റ്റോബർ 27നാണ് ട്രക്കർമാരും ഗൈഡുകളുമടക്കം 13 പേർ അടങ്ങുന്ന സംഘം ഗംഗോത്രിയിൽ നിന്ന് ട്രെക്കിങ്ങിന് പുറപ്പെട്ടത്. ഇവരിൽ എട്ട് പേരെയാണ് കനത്ത മഞ്ഞുവീഴ്ചയിലും ഹിമപാതത്തിലും പെട്ട് കാണാതായത്.
ഇതിൽ അഞ്ച് പുരുഷൻമാർ ബംഗാൾ സ്വദേശികളും രണ്ട് സ്ത്രീകൾ ഉത്തർപ്രദേശിൽ നിന്നുള്ളവരുമാണ്. ഉത്തരകാശി സ്വദേശിയായ ഗൈഡാണ് മറ്റൊരാൾ.