
ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികൾക്ക് രക്ഷാമാർഗമൊരുക്കാനുള്ള ശ്രമങ്ങൾ അഞ്ചാം ദിവസത്തിലേക്കും നീണ്ടതോടെ ആശങ്കയേറി. രക്ഷാപ്രവർത്തനം ഫലം കണ്ടെത്താൻ രണ്ടോ മൂന്നോ ദിവസം കൂടി വേണ്ടിവരുമെന്നാണ് കേന്ദ്ര മന്ത്രി വി.കെ സിങ് അറിയിച്ചത്. ഇതിനിടെ, തലവേദനയും ഛർദിയുമുൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതായി കുടുങ്ങിയ തൊഴിലാളികൾ അറിയിച്ചതാണ് ആശങ്ക വർധിപ്പിച്ചത്.
40 തൊഴിലാളികളാണു ചാർധാം തീർഥാടന പാതയിലെ സിൽക്യാരയിലുള്ള തുരങ്കത്തിൽ നൂറു മണിക്കൂറിലേറെയായി കഴിയുന്നത്. ആറിഞ്ചു വ്യാസമുള്ള പൈപ്പിലൂടെയാണ് ഇവരുമായി ആശയവിനിമയം നടക്കുന്നത്. ഇവർക്കു വെള്ളവും ഭക്ഷണവും നൽകുന്നതും ശ്വാസവായു ലഭിക്കുന്നതും ഇതിൽക്കൂടിയാണ്. ഇന്നലെ പുറത്തുനിൽക്കുന്ന ഡോക്റ്റർമാരുമായി സംസാരിച്ച തൊഴിലാളികളിൽ തലവേദനയും ഛർദിയുമുണ്ടെന്ന് അറിയിച്ചതോടെ ഇവർക്കു മരുന്നുകൾ നൽകി. തൊഴിലാളികളുടെ മനോധൈര്യം അഭിനന്ദനീയമെന്നും അവരെ സുരക്ഷിതരായി പുറത്തെത്തിക്കുമെന്നും വി.കെ. സിങ് പറഞ്ഞു.
അതേസമയം, ബുധനാഴ്ച ഡൽഹിയിൽ നിന്നെത്തിച്ച ഓഗർ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഇന്നലെ വൈകിട്ടോടെ രക്ഷാപ്രവർത്തനം തുടങ്ങി. ആദ്യം ഉപയോഗിച്ച ഡ്രില്ലിങ് മെഷീൻ തകരാറിലായതും വേഗമില്ലാത്തതും മൂലമാണ് കൂടുതൽ കരുത്തും വേഗവുമുള്ള മെഷീൻ എത്തിച്ചത്. ഇതിനിടെ, തുരങ്കത്തിൽ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞതും വെല്ലുവിളിയായിരുന്നു.
കൂടിക്കിടക്കുന്ന അവശിഷ്ടങ്ങളിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി അതിൽ ഒമ്പതു മീറ്റർ വ്യാസമുള്ള പൈപ്പ് ഇറക്കാനാണ് ശ്രമം. ഈ പൈപ്പിലൂടെയാകും തൊഴിലാളികളെ പുറത്തെത്തിക്കുക. ഏകദേശം 60 മീറ്റർ ദൂരത്തിലാണ് അവശിഷ്ടങ്ങളുള്ളത്. മണിക്കൂറിൽ 2-2.5 മീറ്റർ തുരക്കാൻ കഴിയുന്ന മെഷീൻ ഉപയോഗിച്ച് ഇന്നലെ ആറു മീറ്ററോളം തുരന്നു. ഒമ്പതു മീറ്റർ വ്യാസമുള്ള ഒരു പൈപ്പ് സ്ഥാപിച്ചു. രണ്ടാമത്തെ പൈപ്പ് ഇതിൽ വെൽഡ് ചെയ്ത് ഘടിപ്പിക്കുന്ന ജോലിയും പൂർത്തിയായി.
ഇതിനിടെ, ഗുഹകളിലെയും തുരങ്കങ്ങളിലെയും രക്ഷാപ്രവർത്തനങ്ങളിൽ പരിചയസമ്പത്തുള്ള തായ്ലൻഡ്, നോർവെ സംഘങ്ങളുമായി അധികൃതർ ബന്ധം പുലർത്തുന്നുണ്ട്. ഇവരുടെ ഉപദേശം ലഭിച്ചെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
തുരങ്ക മുഖത്തിനു സമീപം സൈന്യം ആറു കിടക്കകളുള്ള താത്കാലിക ആശുപത്രി സജ്ജമാക്കി. പുറത്തെത്തുമ്പോൾ ആർക്കെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥയുണ്ടായാൽ നേരിടാനാണിത്.