
ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ മലയുടെ മുകളിൽ നിന്നു താഴേക്ക് രക്ഷാമാർഗമുണ്ടാക്കാൻ തയാറെടുപ്പുകൾ തുടങ്ങി. തുരങ്കത്തിൽ തൊഴിലാളികളുടെ നരകജീവിതം ഒരാഴ്ച പിന്നിട്ടതോടെയാണു പുതിയ സാധ്യത പരിഗണിക്കുന്നത്. ഇന്ന് ഉച്ചയോടെ മലയുടെ മുകളിൽ രക്ഷാമാർഗ നിർമാണം തുടങ്ങും. തുരങ്കത്തിൽ അകപ്പെട്ടത് 41 പേരാണെന്ന് അധികൃതർ ഇന്നലെ അറിയിച്ചു. നേരത്തേ, 40 പേരെന്നാണ് കരുതിയത്. ബിഹാറിൽ നിന്നുള്ള ഒരാൾ കൂടി ഉണ്ടെന്നാണു പുതുതായി വിവരം ലഭിച്ചത്.
ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിലേക്ക് സിൽക്യാര ഭാഗത്തു നിന്ന് കൂറ്റൻ സ്റ്റീൽ പൈപ്പുകൾ തള്ളിക്കയറ്റി ഇതിലൂടെ രക്ഷിക്കാനായിരുന്നു ഇതുവരെയുള്ള ശ്രമം. ഇതുപ്രകാരം 24 മീറ്റർ വരെ തുരക്കുകയും ഒമ്പതു മീറ്റർ വ്യാസമുള്ള നാലു പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, അഞ്ചാമത്തെ പൈപ്പ് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45ന് തുരങ്കത്തിനുള്ളിൽ നിന്ന് വലിയ ശബ്ദമുണ്ടായി. ഇതോടെ, തുരങ്കം വീണ്ടും ഇടിയുകയാണെന്ന ഭീതി ഉയർന്നു. തുടർന്നു പ്രവർത്തനം നിർത്തി. രാത്രി വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിൽ ഡൽഹിയിൽ നിന്നെത്തിച്ച ഓഗർ മെഷീൻ തകരാറിലായി. ഇൻഡോറിൽ നിന്നെത്തിച്ച പുതിയ യന്ത്രമുപയോഗിച്ച് വീണ്ടും തുരക്കൽ തുടങ്ങിയിട്ടുണ്ട്.
ഇതിനൊപ്പമാണ് മുകളിൽ നിന്ന് കിണർ പോലെ മാർഗമുണ്ടാക്കാനുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍റെ ശ്രമം. 88 മീറ്ററാണ് മലയുടെ മുകളിൽ നിന്ന് തുരങ്കത്തിലേക്കുള്ള അകലം. തുരങ്കത്തിന്‍റെ വലതുവശത്ത് 170 മീറ്ററാണ് മലയുള്ളത്. ഇടതുവശത്ത് 200 മീറ്ററുണ്ട്. ഇതിനപ്പുറം അരുവിയാണ്. മുകളിൽ നിന്നുള്ള മാർഗം പൂർത്തിയാക്കണമെങ്കിലും അഞ്ചു ദിവസത്തോളം വേണ്ടിവരും. കൂടാതെ തുരങ്കത്തിന്‍റെ രണ്ടാമത്തെ മുഖമായ ബാർക്കോട്ടിൽ നിന്നു ദ്വാരമുണ്ടാക്കുന്നതും പരിഗണിക്കുന്നുണ്ട്. മൂന്നടി വ്യാസമുള്ള കുഴലിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാമോ എന്നും പരിശോധിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിന് ഓരോ മണിക്കൂറിലും വിവരം നൽകുന്നുണ്ടെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ മേജർ നമൻ നറുല പറഞ്ഞു. കഴിഞ്ഞ 12ന് രാവിലെ ഏഴു മണിയോടെയാണ് ചാർധാം തീർഥാടന പാതയിലെ സിൽക്യാരയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞത്. തുരങ്കമുഖത്തു നിന്ന് 270 മീറ്റർ ഉള്ളിൽ 60 മീറ്ററോളം ദൂരത്തിലാണ് അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നത്. ഇതിനപ്പുറം കനത്ത ഇരുട്ടിലാണ് 41 തൊഴിലാളികൾ. അവശിഷ്ടങ്ങൾക്കിടയിലൂടെയെത്തിച്ച ആറിഞ്ചു വ്യാസമുള്ള പൈപ്പിലൂടെയാണ് കഴിഞ്ഞ ഏഴു ദിവസമായി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ശ്വാസവായുവും ഗുളികകളുമെത്തിക്കുന്നത്. കുടുങ്ങിയവർക്ക് രക്ഷാപ്രവർത്തകരോടും ബന്ധുക്കളോടും സംസാരിക്കാനാകുന്നതും ഈ കുഴലിലൂടെ മാത്രമാണ്.