
ഉത്തരകാശി: ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. വൻ ശബ്ദത്തോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടർന്നാണ് പ്രവർത്തനം നിർത്തിയത്. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി തുരങ്കത്തിലേക്ക് കുഴൽ കയറ്റുന്ന പ്രവർത്തിയാണ് താത്കാലികമായി നിർത്തിയത്. ഉടൻ തന്നെ പുനരാരംഭിക്കുമെന്നാണ് സൂചന.
യന്ത്രതകാരുകൾ മൂലമാണ് പ്രവർത്തനം നിർത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും യന്ത്രത്തിന് യാതൊരുവിധ തകരാറും സംഭവിച്ചിട്ടില്ലെന്ന് ദേശീയപാത വികസന കോർപറേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. ഉച്ചയ്ക്ക് മുമ്പായി പ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു.
തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ പ്രവർത്തനം നീളും. അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിനു മുന്നോട്ടു നീങ്ങാനാവത്തതിൽ ഇന്നലെ അൽപസമയം ജോലി നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.