

വ്ളാഡിമിർ പുടിൻ, നരേന്ദ്രമോദി
ന‍്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശത്തിന് ഇന്ത‍്യയിലെത്തിയ റഷ‍്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് ഒരുക്കിയ അത്താഴവിരുന്നിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിൽ വിമർശനവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം.
സംസ്കാരത്തിന്‍റെ പേരിൽ വെജിറ്റേറിയൻ ഭക്ഷണം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും മാംസവും മീനും, ഇന്ത‍്യൻ വൈനും ഒഴിവാക്കിയതെന്തുകൊണ്ടാണെന്നും കാർത്തി ചിദംബരം ചോദിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു കാർത്തി ചിദംബരം വിമർശനവുമായി രംഗത്തെത്തിയത്.
80 ശതമാനം ഇന്ത‍്യക്കാരും മാംസവും മീനും കഴിക്കുന്നവരാണെന്നും വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയ പ്രവണത ബിജെപിയും സഖ‍്യകക്ഷികളും ചേർന്ന് നിർമിച്ചെടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് ദ്രൗപതി മുർമു ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വ്ലാഡിമിർ പുടിൻ, കേന്ദ്ര മന്ത്രിമാർ, ഇരു രാജ‍്യങ്ങളിലെയും നയതന്ത്രജ്ഞർ എന്നിവർക്ക് വെജിറ്റേറിയൻ ഭക്ഷണമായിരുന്നു വിളമ്പിയത്.