വന്ദേ മാതരം വിവാദം; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി

സംഭവം പശ്ചിമ ബംഗാളിലെ ജനങ്ങളുടെ വികാരങ്ങളെ ആഴത്തിൽ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു

Bankim Chandra Chatterjee's descendant demands an apology from Sonia Gandhi.

സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി

Updated on

കൊൽക്കത്ത: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേ മാതരം വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎയും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമിയുമായ സുമിത്രോ ചാറ്റർജി. ഓഗസ്റ്റ് 15ന് എഐസിസി ആസ്ഥാനത്ത് വന്ദേ മാതരം പൂർണരൂപത്തിൽ ആലപിക്കുന്നതിൽ സോണിയ അസ്വസ്ഥത പ്രകടിപ്പിക്കുകയും അത് തടയാൻ ആവർത്തിച്ച് ശ്രമിക്കുകയും ചെയ്തുവെന്നാണ് സുമിത്രോ ചാറ്റർജിയുടെ ആരോപണം.

സംഭവം “നിർഭാഗ്യകരം മാത്രമല്ല, ചരിത്രപരമായ ഒരു തെറ്റിന്‍റെ ലജ്ജാകരമായ ആവർത്തനവുമാണ്” എന്ന് സുമിത്രോ ചാറ്റർജി സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞു. പശ്ചിമ ബംഗാളിലെ നൈഹാട്ടിയിൽ നിന്നുള്ള ബിജെപി എംഎൽഎയായ അദ്ദേഹം ഒരു സാധാരണ പൗരൻ, ദേശസ്നേഹി, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നേരിട്ടുള്ള പിൻഗാമി എന്നീ നിലകളിലാണ് കത്ത് എഴുതുന്നതെന്നും സംഭവത്തിൽ തനിക്ക് ആഴത്തിലുള്ള വേദനയും രോഷവും ഉണ്ടെന്നും വ്യക്തമാക്കി.

സ്വാതന്ത്ര്യസമരത്തിൽ വന്ദേ മാതരം ഗാനത്തിനുണ്ടായിരുന്ന പങ്കും അദ്ദേഹം കത്തിൽ വിശദീകരിച്ചു. 1905ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിൽ സരളാദേവി ചൗധുറാണി വന്ദേ മാതരം ആലപിച്ചതും, 1909ലെ രാജ്യദ്രോഹ വിചാരണയ്ക്കിടെ ബാലഗംഗാധര തിലകിന്‍റെ അനുയായികൾ ഗാനം പാടിയതും, നിസാമിന്‍റെ നിയന്ത്രണങ്ങൾക്കിടയിലും 1938ൽ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ അത് മുദ്രാവാക്യമായി ഉപയോഗിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. 1896ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഗാനം ആലപിച്ചതും അദ്ദേഹം പരാമർശിച്ചു.

കോൺഗ്രസിന്‍റെ “ഇരട്ടനയം” പുതിയതല്ലെന്നും സുമിത്രോ ചാറ്റർജി ആരോപിച്ചു. 1937ൽ മുഹമ്മദ് അലി ജിന്നയുടെ എതിർപ്പിന് മുന്നിൽ കോൺഗ്രസ് വഴങ്ങുകയും അതേ വർഷം ഒക്ടോബറിൽ ഗാനം വെട്ടിച്ചുരുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. അന്നത്തെ “ഒത്തുതീർപ്പിന്‍റെ നിഴൽ” വീണ്ടും പാർട്ടിയുടെ നിലപാടിൽ കാണുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സംഭവം പശ്ചിമ ബംഗാളിലെ ജനങ്ങളുടെ വികാരങ്ങളെ ആഴത്തിൽ വേദനിപ്പിച്ചെന്നും, സോണിയ ഗാന്ധി ആത്മപരിശോധന നടത്തി യാതൊരു നിബന്ധനകളുമില്ലാതെ രാജ്യത്തെ മുഴുവൻ ജനങ്ങളോടും പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെ ജനതയോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com