
അഹമ്മദാബാദ് : ശുക്രഗ്രഹത്തിലേക്കുള്ള ദൗത്യം 2028-ൽ സാധ്യമായേക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ ( ഐഎസ്ആർഒ ) എസ്. സോമനാഥ്. വീനസ് ദൗത്യത്തിനായുള്ള സാഹചര്യമൊരുങ്ങുന്നുണ്ട്, ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏറെ പ്രയാസമേറിയ പര്യവേക്ഷണമായിരിക്കും വീനസിലേത്. ഈ ദൗത്യത്തെ പ്രയോജനപ്പെടുത്താൻ ശാസ്ത്രലോകം കാത്തിരിക്കു കയാണെന്നും എസ്. സോമനാഥ് അറിയിച്ചു.
നേരത്തെ 2024 ഡിസംബറിൽ വീനസിലേക്ക് പേടകം അയക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ശുക്രനിലെ അന്തരീക്ഷത്തെക്കുറിച്ചും ഘടനയെക്കുറിച്ചും പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.
അഹമ്മദാബാദിൽ നടക്കുന്ന നാലാമത് ഇന്ത്യൻ പ്ലാനറ്ററി സയൻസ് കോൺഫറൻസിൽ ഇന്ത്യൻ കേപ്പബിലിറ്റീസ് ഫോർ സ്പേസ് ആൻഡ് പ്ലാനറ്ററി എക്സ്പ്ലോറേഷൻ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബഹിരാകാശ ദൗത്യങ്ങളിൽ മറ്റ് ഏജൻസികളുമായുള്ള ഫലപ്രദമായ സഹകരണം ലക്ഷ്യമിടുന്നുണ്ട്. ചന്ദ്രനിലേക്കുള്ള ദൗത്യത്തിന്‍റെ സാധ്യതയെക്കുറിച്ചു ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയുമായി ചർച്ച നടക്കുകയാണ്, സാധ്യതകളേറെയുള്ള ഗഗൻയാൻ മിഷന്‍റെ പ്രവർത്തനങ്ങളും തുടരുകയാണ്, ഇ. സോമനാഥ് പറഞ്ഞു.