
ന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട തിങ്കളാഴ്ച തീർത്തും അപ്രതീക്ഷിതമായിരുന്നു എഴുപത്തിനാലുകാരൻ ധൻകറിന്‍റെ രാജി. ഭരണഘടനയുടെ 67 എ അനുച്ഛേദപ്രകാരം താൻ സ്ഥാനമൊഴിയുകയാണെന്നു വിശദീകരിക്കുന്ന കത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. ഡോക്റ്റർമാരുടെ ഉപദേശ പ്രകാരമാണു പദവി ഒഴിയുന്നതെന്നും രാജിക്ക് അടിയന്തര പ്രാബല്യം നൽകണമെന്നും കത്തിൽ പറയുന്നു.
ഉപരാഷ്‌ട്രപതിയായിരിക്കെ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം രാഷ്‌ട്രപതിയോടു നന്ദി പറഞ്ഞു. പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും നൽകിയ പിന്തുണയും സഹകരണവും വിലമതിക്കാനാവാത്തതാണെന്നും രാജിക്കത്തിൽ പറയുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയുടെയും ആരും പ്രതീക്ഷിക്കാത്ത വേഗത്തിലുള്ള വികസനത്തിന്‍റെയും കാലത്തെ, ഉന്നത പദവിയിലിരുന്ന് കാണാനായത് സന്തോഷകരമാണ്. രാജ്യത്തിന്‍റെ രൂപാന്തരണ കാലത്ത് രാഷ്‌ട്രത്തെ സേവിക്കാനായതു ബഹുമതിയാണെന്നും അദ്ദേഹം.
ഉപരാഷ്‌ട്രപതി രാജിവച്ചാൽ 60 ദിവസത്തിനുള്ളിൽ ഒഴിവു നികത്തണമെന്നാണു ചട്ടം. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾ ചേർന്നാണ് ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്. അതുവരെയുള്ള കാലയളവിൽ രാജ്യസഭാ ഉപാധ്യക്ഷൻ രാജ്യസഭാധ്യക്ഷന്‍റെ ചുമതല വഹിക്കും. നിലവിൽ ഹരിവംശ് നാരായൺ സിങ്ങാണ് രാജ്യസഭാ ഉപാധ്യക്ഷൻ.
2022 ഓഗസ്റ്റ് ആറിന് എം. വെങ്കയ്യ നായിഡുവിന്‍റെ പിൻഗാമിയായാണ് പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ധൻകർ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ സഖ്യത്തിന്‍റെ സ്ഥാനാർഥി മാർഗരറ്റ് ആൽവയെ 346 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്. 2019- 2022ൽ പശ്ചിമ ബംഗാൾ ഗവർണറായിരുനന ധൻകർ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു. രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിൽ കർഷക കുടുംബത്തിലാണു ജനനം.