
സി.പി. രാധാകൃഷ്ണൻ, സുദർശൻ റെഡ്ഡി.
ന്യൂഡൽഹി: രാജ്യത്തിന്‍റെ പുതിയ ഉപരാഷ്‌ട്രപതിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടത്തും. എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്‌ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ, ജഗദീപ് ധൻകറുടെ രാജിപോലെ അപ്രതീക്ഷിതമായൊന്നും സംഭവിക്കാനിടയില്ല.
ലോക്സഭയും രാജ്യസഭയും ചേർന്ന ഇലക്റ്ററൽ കോളെജിൽ ഏറെ മുന്നിലാണ് രാധാകൃഷ്ണൻ. ആകെ 781 പേർക്കാണു വോട്ടുള്ളത്. ഇതുവരെ തീരുമാനമെടുക്കാത്ത കക്ഷികളെൊഴികെ എല്ലാവരും വോട്ട് ചെയ്താൽ 439-324 എന്ന സ്കോറിൽ രാധാകൃഷ്ണന് വിജയം ഉറപ്പ്. എന്നാൽ, ക്രോസ് വോട്ടിങ്ങിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ.
ഏഴ് എംപിമാരുള്ള ബിജെഡി, നാല് അംഗങ്ങളുള്ള ബിആർഎസ്, ഓരോ എംപിമാരുള്ള അകാലിദൾ, ഇസഡ്പിഎം, വിഒടിടിപി, മൂന്നു സ്വതന്ത്രർ എന്നിവർ ഇതുവരെ മനസുതുറന്നിട്ടില്ല. ബിജെഡി നേതാവ് നവീൻ പട്നായിക്ക് ഇന്നലെ ഡൽഹിയിലെത്തിയിട്ടുണ്ട്. 11 അംഗങ്ങളുള്ള വൈഎസ്ആർ കോൺഗ്രസ് തുടക്കത്തിൽ തന്നെ രാധാകൃഷ്ണനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എഎപി 'ഇന്ത്യ' മുന്നണിക്കൊപ്പമാണ്.
റെഡ്ഡിക്ക് 324 വോട്ട് ലഭിച്ചാൽ അത് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ റെക്കോഡാകും. 2002ൽ കോൺഗ്രസ് സ്ഥാനാർഥി സുശീൽ കുമാർ ഷിൻഡെയ്ക്ക് ലഭിച്ച 305 വോട്ടുകളാണ് പരാജിതന്‍റെ പേരിലുള്ള റെക്കോഡ്. അന്നു 454 വോട്ട് നേടിയ ഭൈറോൺ സിങ് ശെഖാവത്ത് വിജയിച്ചിരുന്നു.
2022ൽ ജഗദീപ് ധൻകറിനും (528) 2017ൽ വെങ്കയ്യ നായിഡുവിനും (516) 500ലേറെ വോട്ട് ലഭിച്ചിരുന്നു. വോട്ടെടുപ്പിനു മുന്നോടിയായി ബിജെപിയും കോൺഗ്രസും ഇന്നലെ എംപിമാർക്കു പരിശീലനം നൽകി. 2022ൽ 15ഉം 2017ൽ 11ഉം വോട്ടുകൾ അസാധുവായിരുന്നു. 1997ലെ 46 ആണ് "അസാധുവിന്‍റെ പേരിലുള്ള റെക്കോഡ്'.