
വിജയ് രൂപാണി
അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വിജയ് രൂപാണി (69) വിമാന ദുരന്തത്തിൽ മരിച്ചതിന്‍റെ ഞെട്ടലിലാണ് രാജ്യമെമ്പാടുമുള്ള ബിജെപി നേതാക്കളും പ്രവർത്തകരും. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനുള്ള യാത്രയ്ക്കിടെ രൂപാണിയെ മരണം കവരുമ്പോൾ ബിജെപിക്ക് നഷ്ടമായത് കരുത്തനായ നേതാവിനെ. ഗുജറാത്തിന്‍റെ 16-ാം മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി.
ദുരന്തത്തിനിരയായ വിമാനത്തിൽ വിജയ് രൂപാണിയുണ്ടെന്ന് ആദ്യം വാർത്തകൾ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് ഗുരുതര പരുക്കേറ്റെന്നും റിപ്പോർട്ടുകളുണ്ടായി. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിക്കപ്പെട്ടത്.
രാം നിക്‌ലാൽ രൂപാണിയുടെയും മായാ ബെന്നിന്‍റെയും ഏഴാമത്തെ മകനായി 1956 ഓഗസ്റ്റ് രണ്ടിനാണു വിജയ് രൂപാണിയുടെ ജനനം. കോളെജ് കാലത്ത് എബിവിപിയിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി. പിന്നീട് ആർഎസ്എസിൽ ചേർന്നു. 1971ൽ ജനസംഘത്തിൽ അംഗത്വമെടുത്തു. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. ആർഎസ്എസ് പ്രചാരകനായും രൂപാണി പ്രവർത്തിച്ചു.
1996ൽ രാജ്കോട്ട് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2014-ൽ ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ ജലം, ഗതാഗതം, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തത് രൂപാണിയാണ്. അതിനു ശേഷം ഗുജറാത്ത് ബിജെപിയുടെ പ്രസിഡന്‍റായി ചുമതലേയറ്റു. 2016 ഓഗസ്റ്റ് 7 നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇന്ദ്രനീൽ രാജ്യഗുരുവിനെ പരാജയപ്പെടുത്തി രാജ്കോട്ട് വെസ്റ്റ് മണ്ഡലം നിലനിർത്തി. 2021 സെപ്റ്റംബർ 11 ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുമായി വിജയ് രൂപാണി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാര്യ: അഞ്ജലി രൂപാണി. മക്കൾ: പുജിത്, ഋഷഭ്, രാധിക.