
വിജയ്
file photo
ചെന്നൈ: രജനികാന്തിനുശേഷം തമിഴകത്ത് കൊണ്ടാടപ്പെട്ട സൂപ്പർഹീറോയാണു വിജയ്. മൂന്നു പതിറ്റാണ്ടു പിന്നിട്ട സിനിമാ ജീവിതത്തിൽ എഴുപതോളം ചിത്രങ്ങളിൽ നായകനായി. ഇവയിൽ ഭൂരിപക്ഷവും തിയെറ്ററുകളെ ജനസമുദ്രങ്ങളാക്കി. തമിഴകം കടന്ന് മലയാളത്തിലും തെലുങ്കിലും കന്നഡയിലും വരെ ആരാധകരുണ്ടായപ്പോൾ വിജയ് 'ദളപതി'യായി മാറി. ഈ ആരാധക സമൂഹത്തെ വോട്ടാക്കി മാറ്റാമെന്ന സ്വപ്നമാണ് തമിഴക വെട്രി കഴകം എന്ന പാർട്ടിയുടെ രൂപീകരണത്തിലേക്കു നയിച്ചത്. എന്നാൽ, ജനവിധിയുടെ ആദ്യ പരീക്ഷണത്തിനിറങ്ങും മുൻപേ വിധിയുടെ മറ്റൊരു പരീക്ഷണത്തിലേക്കാണ് കരൂർ ദുരന്തം താരത്തെ തള്ളിവീഴ്ത്തിയിരിക്കുന്നത്.
1974ൽ സംവിധായകൻ എസ്.എ. ചന്ദ്രശേഖറുടെയും പിന്നണി ഗായിക ശോഭ ചന്ദ്രശേഖറുടെയും മകനായാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ്‌യുടെ ജനനം. ചെന്നൈ ലയോള കോളെജിൽ നിന്നു വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയശേഷം സിനിമയിലെത്തിയ വിജയ് സാമൂഹികക്ഷേമ സംരംഭങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിൽ വലിയ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. ഇതിൽ നിന്നാണ് ടിവികെയുടെ പിറവി.
ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കത്തിലൂടെ വർഷങ്ങൾ കൊണ്ടു രൂപപ്പെടുത്തിയ സംഘടനാ ശൃംഖലയാണ് വിജയ് രാഷ്‌ട്രീയ രൂപത്തിലേക്കു പരിവർത്തനം ചെയ്തത്. 2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 115 സീറ്റുകളിൽ വിജയ് മക്കൾ ഇയക്കം അംഗങ്ങൾ സ്വതന്ത്രരായി മത്സരിച്ചിരുന്നു. ഇതിനുശേഷം പതിയെ സംഘടനയെ ശക്തിപ്പെടുത്തിയ താരം 2024 ഫെബ്രുവരിയിൽ ടിവികെ എന്ന പാർട്ടി പ്രഖ്യാപിച്ചു. ചെന്നൈ ആയിരിക്കും പാർട്ടിയുടെ ആസ്ഥാനമെന്നും 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് നേരിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അംബേദ്കറിസം, പെരിയാറിസം, മാർക്സിസം എന്നിവയിൽ നിന്നു പ്രചോദനമുൾക്കൊണ്ടുള്ള മതേതര സാമൂഹിക നീതിയിലൂന്നിയായിരിക്കും പ്രവർത്തനമെന്നു വ്യക്തമാക്കിയിരുന്നു വിജയ്. ആശയപരമായി ബിജെപിയാണു ശത്രു. കുടുംബരാഷ്‌ട്രീയവും അഴിമതിയും നിറഞ്ഞ ഡിഎംകെയാണ് രാഷ്‌ട്രീയ ശത്രു. 70000 ബൂത്ത് ഏജന്‍റുമാരെ നിയമിച്ചതായും വിജയ് പ്രഖ്യാപിച്ചിരുന്നു.
അണ്ണാ ഡിഎംകെയും ഡിഎംകെയും നേതൃത്വം നൽകുന്ന തമിഴക രാഷ്‌ട്രീയത്തിൽ മൂന്നാം ശക്തിയാകുകയാണ് ടിവികെയുടെ ലക്ഷ്യം. വിജയകാന്ത്, ശരത്കുമാർ, കമൽഹാസൻ തുടങ്ങിയവരെല്ലാം ഈ സാധ്യത തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. സഖ്യം, ഭരണവിരുദ്ധ വികാരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാൽ വിജയ് 10-25 ശതമാനം വോട്ട് നേടിയേക്കാമെന്ന് വിലയിരുത്തപ്പെട്ടു.
വിജയ്‌യുടെ വർഷങ്ങളായുള്ള സ്വപ്നമാണ് തമിഴക രാഷ്‌ട്രീയത്തിന്‍റെ നേതൃത്വം. കോടികളാണ് ഇതിനുവേണ്ടി ചെലവഴിച്ചത്. സിനിമാ രംഗം വിടാനും തീരുമാനിച്ചു. മൂന്നു മാസത്തിനപ്പുറം റിലീസ് ചെയ്യുന്ന ജനനായകൻ ആയിരിക്കും അവസാന ചിത്രമെന്നാണു കണക്കാക്കുന്നത്. ഈ സിനിമ വൻ വിജയമാക്കാനും നായകനു യാത്രയയപ്പ് നൽകാനും തയാറെടുത്തിരുന്നു അണികൾ.
ഇതിനിടെയാണ് അപ്രതീക്ഷിതമായി കരൂരിലെ ദുരന്തം. ദുരന്തങ്ങളിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും രക്ഷകനായും തിന്മകളെ അടിച്ചമർത്തുന്ന ഗുണവാനായും സ്ത്രീകൾക്ക് ഉത്തമനായ മകനും സഹോദരനുമായുമുള്ള നായക കഥാപാത്രങ്ങളാണ് വിജയ്‌യെ തമിഴകത്തിന്‍റെ സൂപ്പർ ഹീറോയാക്കിയത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം മരിച്ച കരൂർ ദുരന്തം ഈ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമ്പോൾ ഇനിയൊരു തിരിച്ചുവരവിന് സിനിമയിലെ നായകനെക്കാൾ വലിയ അദ്ഭുതങ്ങൾ പ്രവർത്തിക്കേണ്ടി വരും വിജയ്.