

വിജയ്‌യും തൃഷയും
ചെന്നൈ: തമിഴ്നാട്ടിൽ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് വിജയ്‌യുടെ ടിവികെ. 107 സീറ്റുകളിൽ ജയിച്ച് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് വിജയ്‌യുടെ പാർട്ടി. വിജയ്‌യുടെ മിന്നും വിജയത്തിനു പിന്നാലെ നടി തൃഷ വീണ്ടും വാർത്തകളിൽ നിറയുകയാണ്. തൃഷ ടിവികെയുടെ സ്ഥാനാർഥിയാകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മിന്നും വിജയമാണ് വിജയ് സ്വന്തമാക്കിയത്. ഡിഎംകെയുടെ കൈയിലുണ്ടായിരുന്നു പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളാണ് വിജയ് തന്‍റെ പേരിലാക്കിയത്. ഇരു മണ്ഡലങ്ങളിലും വിജയിച്ചതോടെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ എംഎൽഎ സ്ഥാനം വിജയ് രാജിവയ്ക്കണം. വിജയ് ട്രിച്ചിയിൽ നിന്ന് രാജിവച്ച് പെരമ്പൂർ നിലനിർത്തിയേക്കും എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് രാജിവയ്ക്കുന്ന ഒഴിവിലേക്ക് വരുന്ന ഉപതെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥിയായി തൃഷയെ മത്സരിപ്പിച്ച് നിയമസഭയിലേക്ക് എത്തിക്കുമെന്നാണ് അഭ്യൂഹങ്ങൾ.
പെരമ്പൂരിലും ട്രിച്ചിയിലും വിജയ് സ്ഥാനാർഥിയായത് കൃത്യമായ കണക്കുകൂട്ടലിലായിരുന്നു. ട്രിച്ചിയിൽ വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ട് വിധി നിർണയത്തിൽ നിർണായമായിരുന്നു. ന്യൂനപക്ഷ വോട്ട് അനുകൂലമാകുമെന്ന് ടിവികെ ഉറച്ചു വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ ഇരുപതിനായിരത്തിൽപ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയ് വിജയിച്ചത്. പെരമ്പൂരിൽ തനിക്കുള്ള ജനപ്രീതിയാണ് വിജയ് ലക്ഷ്യമിട്ടത്. വിചാരിച്ചതുപോലെ അരലക്ഷത്തോളം ഭൂരിപക്ഷത്തിലാണ് വിജയ് വിജയിച്ചത്. ടിവികെയുടെ ഉറച്ച മണ്ഡലമായാണ് പെരമ്പൂരിനേയും ട്രിച്ചിയേയും വിലയിരുത്തുന്നത്. അടുത്ത ഉപതെരഞ്ഞെടുപ്പിലും ടിവികെ വിജയം ഉറപ്പിക്കുന്നുണ്ട്. അതാണ് തൃഷയെ തന്നെ സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നത്. എന്നാൽ ടിവികെ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ടിവികെ വൻ വിജയം നേടിയതിനു പിന്നാലെ വിജയ്‌യെ തൃഷ വീട്ടിലെത്തി കണ്ടിരുന്നു. തൃഷയുടെ പിറന്നാൾ ദിനത്തിലാണ് ടിവികെ വമ്പൻ വിജയം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.