വിമൽ ഏലക്ക പരസ്യ വിവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എതിരായ നോട്ടീസിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ്

ബ്രാൻഡ് അംബാസഡർമാർക്കെതിരായ നോട്ടീസിനെതിരേ വിമൽ ഏലക്കയുടെ നിർമാതാക്കളാണ് ഹർജി സമർപ്പിച്ചത്
Vimal Cardamom advertisement controversy: High Court to issue order on Monday regarding notices sent to Bollywood stars.

വിമൽ ഏലക്ക പരസ്യ വിവാദം; ബോളിവുഡ് താരങ്ങൾക്ക് എതിരായ നോട്ടീസിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ്

Updated on

ന്യൂഡൽഹി: വിമൽ ഏലക്കയുടെ ബ്രാൻഡ് അംബാസഡർമാരായ ബോളിവുഡ് നടൻമാർക്ക് എതിരേ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും. ബ്രാൻഡ് അംബാസഡർമാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരായ നോട്ടീസിനെതിരേ വിമൽ ഏലക്കയുടെ നിർമാതാക്കളാണ് ഹർജി സമർപ്പിച്ചത്.

വിമൽ ഏലക്കയുടെ പരസ്യം നിരോധിത വിമൽ പാൻ മസാലയുടെ പരോക്ഷ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിലാണ് മഹാരാഷ്ട്ര എഫ്ഡിഎ താരങ്ങൾക്ക് നോട്ടീസ് നൽകിയത്. വിഷയത്തിൽ ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിക്ക് പ്രദേശിക അധികാരപരിധിയുണ്ടോയെന്ന സംശയത്തെ തുടർന്നാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ ഉത്തരവ് പുറപ്പെടുവിക്കുന്നത് മുൻപ് മാറ്റിവച്ചത്.

വിമൽ ബ്രാൻഡിന് കീഴിലുള്ള ഏലക്ക ഉൽപന്നത്തിന്‍റെ പ്രചാരണത്തിനായി പ്രമുഖ താരങ്ങളുടെ സേവനം ഉപയോഗിക്കുന്നതായി നിർമാതാക്കളായ പിബി അഗ്രോ എൽഎൽപി ഹർജിയിൽ വ്യക്തമാക്കി. പരസ്യ പ്രചാരണം നിലവിലുള്ള നിയമങ്ങൾ പൂർണമായും പാലിച്ചാണ് നടത്തുന്നതെന്നും കമ്പനി അറിയിച്ചു.

മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടുള്ള പാൻ മസാലയുടെ പരോക്ഷ പ്രചാരണമാണ് വിമൽ ഏലക്ക പരസ്യമെന്നായിരുന്നു മഹാരാഷ്ട്ര എഫ്ഡിഎയുടെ ആരോപണം. വിമൽ ഏലക്ക നിരോധിത പാൻ മസാലയിൽ നിന്ന് വ്യത്യസ്തമായ ഉൽപന്നമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പരസ്യത്തിൽ അഭിനയിച്ച താരങ്ങളോട് എഫ്ഡിഎ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പരസ്യ പ്രചാരണം നിർത്തിവയ്ക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ പിൻവലിക്കാനും എഫ്ഡിഎ നിർദേശിച്ചിരുന്നു.

ഓഗസ്റ്റ് 11ലെ എഫ്ഡിഎ നോട്ടീസ് താരങ്ങൾക്ക് മാത്രമാണ് നൽകിയതെന്നും കമ്പനിക്ക് നൽകിയിട്ടില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സംസ്ഥാന റെഗുലേറ്ററുടെ നടപടിയുടെ പ്രത്യാഘാതം നേരിടേണ്ടിവരുന്നത് കമ്പനിക്കാണ്. പരസ്യം നിർത്തിവയ്ക്കാൻ നിർദേശം നൽകാൻ മഹാരാഷ്ട്ര എഫ്ഡിഎയ്ക്ക് അധികാരപരിധിയില്ല. 2001 മുതൽ വിമൽ പാൻ മസാല മഹാരാഷ്ട്രയിൽ നിർമിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്നും അതിനാൽ പരോക്ഷ പരസ്യമെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഹർജിയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com