
ന്യൂഡൽഹി: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെതിരേ പരസ്യ വിമർശനവുമായി വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. നേരത്തെ ജന്ദർ മന്തറിൽ സമരം ചെയ്തപ്പോൾ ഒരു കമ്മിറ്റിയുണ്ടാക്കി സമരം അടിച്ചമർത്താനാണ് ഠാക്കൂർ ശ്രമിച്ചതെന്നാണ് വിനേഷ് പറയുന്നത്. അതല്ലാതെ, വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും നിരന്തരം അവഹേളിക്കുകയും ചെയ്ത റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ ഒരു നടപടിയും സ്വീകരിക്കാൻ തയാറായില്ലെന്നും വിനേഷ് ചൂണ്ടിക്കാട്ടി.
ബിജെപി എംപിയായ ബ്രിജ് ഭൂഷണെ ഡബ്ല്യുഎഫ്ഐ അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നും, ലൈംഗിക പീഡന കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ഡൽഹിയിൽ രണ്ടാം വട്ടം സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ആവശ്യം.
ദീർഘകാലമായ അധികാരത്തിലിരുന്ന് പദവി ദുർവിനിയോഗം ചെയ്തുകൊണ്ടിരിക്കുന്ന ശക്തനായ ഒരാൾക്കെതിരേ പോരാടുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വിനേഷ് പറഞ്ഞു.
ഇതിനിടെ, ഒളിമ്പിക്സ് യോഗ്യതയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നിർദേശിച്ചതാണ് ഗുസ്തി താരങ്ങളുടെ സമരത്തിനു കാരണമെന്ന ബ്രിജ് ഭൂഷണിന്‍റെ ആരോപണത്തിന് ദേശീയ താരം ബജ്റംഗ് പൂനിയയും മറുപടി പറഞ്ഞു. ഒളിമ്പിക്സല്ല, ലൈംഗിക പീഡനമാണ് ഇവിടത്തെ വിഷയമെന്ന് പൂനിയ.