''ബ്രിജ് ഭൂഷണിന്‍റെ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെ'', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആറ് ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് തുറന്നുപറഞ്ഞ് വിനേഷ് ഫോഗട്ട്
Vinesh Phogat sexual allegation against Brij Bhushan Sharan Singh

വിനേഷ് ഫോഗട്ട് | ബ്രിജ്ഭൂഷൺ ശരൺ സിങ്

File

Updated on

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താൻ തന്നെയാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. നീണ്ട ഇടവേളയ്ക്കു ശേഷം ഗോദയിലേക്കു തിരിച്ചുവരാനിരിക്കെയാണ് താരം ഇക്കാര്യം പരസ്യമാക്കിയത്. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് വിനേഷിന്‍റെ തുറന്നുപറച്ചിൽ.

"സുപ്രീം കോടതി നിർദേശപ്രകാരം ഇരകളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ പാടില്ലാത്തതാണ്. എന്നാൽ, ചില സാഹചര്യങ്ങൾ കാരണം എനിക്കിതു പറയേണ്ടി വരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സംസാരിക്കണമെന്നു കരുതിയതല്ല. എങ്കിലും പറയട്ടെ, പരാതി നൽകിയ ആറ് പേരിൽ ഒരാൾ ഞാൻ തന്നെയാണ്. ഞങ്ങളുടെ മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയാണ്," വിനേഷ് പറഞ്ഞു.

ടൂർണമെന്‍റിലെ സുരക്ഷാ ആശങ്ക

മേയ് 10 മുതൽ 12 വരെ ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കുന്ന നാഷണൽ ഓപ്പൺ റാങ്കിങ് ടൂർണമെന്‍റിലൂടെയാണ് വിനേഷ് ഫോഗട്ട് കരിയറിലേക്ക് മടങ്ങിയെത്തുന്നത്. എന്നാൽ, ബ്രിജ് ഭൂഷന്‍റെ സ്വാധീനമേഖലയായ ഗോണ്ടയിൽ മത്സരിക്കുന്നതിലെ സുരക്ഷാ ഭീഷണിയും മാനസിക സമ്മർദവും താരം ചൂണ്ടിക്കാട്ടി.

"അദ്ദേഹത്തിന്‍റെ തട്ടകത്തിൽ പോയി മത്സരിക്കുമ്പോൾ അവിടെയുള്ള ഓരോ വ്യക്തിയും അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നവരായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ മാനസിക സമ്മർദമില്ലാതെ 100 ശതമാനം പ്രകടനം കാഴ്ചവയ്ക്കാൻ ഒരു പെൺകുട്ടിക്കു കഴിയില്ല. അവിടെ വച്ച് എനിക്കോ എന്‍റെ ടീമിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം സർക്കാരിനായിരിക്കും," വിനേഷ് വ്യക്തമാക്കി.

ഭരണകൂടത്തിന്‍റെ മൗനം

ഇപ്പോഴും ഗുസ്തി ഫെഡറേഷനെ നിയന്ത്രിക്കുന്നതു താനാണെന്ന് ബ്രിജ് ഭൂഷൺ പരസ്യമായി പറയുന്നുണ്ടെന്നും, എന്നാൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും വിനേഷ് കുറ്റപ്പെടുത്തി. "ക്യാമറയ്ക്ക് മുന്നിൽ താൻ ഒരാളെ കൊന്നിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞ ആളാണ് അദ്ദേഹം. എന്നിട്ടും ശിക്ഷിക്കപ്പെട്ടില്ല. അങ്ങനെയുള്ള ഒരാളുടെ മാനസികാവസ്ഥ എന്താണെന്നു ചിന്തിക്കാവുന്നതേയുള്ളൂ. എനിക്ക് പ്രത്യേക പരിഗണനയൊന്നും വേണ്ട, മാറ്റിലെ തീരുമാനം ഗുണ്ടകളുടേതാകരുത്," താരം കൂട്ടിച്ചേർത്തു.

പാരിസ് ഒളിംപിക്‌സിനു ശേഷം വിനേഷ് മത്സരിക്കുന്ന ആദ്യ ടൂർണമെന്‍റാണിത്. 57 കിലോഗ്രാം വിഭാഗത്തിലാണ് ഇത്തവണ താരം ഗോദയിലിറങ്ങുന്നത്. ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യത നേടുന്നതിൽ ഈ ടൂർണമെന്‍റ് നിർണായകമാണ്. പാരിസിൽ വെള്ളി മെഡൽ പോരാട്ടത്തിനു മുൻപ് ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 2028 ലോസ് ഏഞ്ചൽസ് ഒളിംപിക്‌സാണ് വിനേഷിന്‍റെ അടുത്ത ലക്ഷ്യം.

logo
Metro Vaartha
www.metrovaartha.com