
കാമുകിയെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് ഹോസ്റ്റലിൽ കയറ്റുന്നതിനിടെ പിടിക്കപ്പെട്ടു; 'വലിയ കാര്യമല്ല' എന്ന് സർവകലാശാല !!! | Video
കാമുകിയെ സ്യൂട്ട്കേസിനുള്ളിലാക്കി ആൺസുഹൃത്തിന്‍റെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. ഹോസ്റ്റൽ ഗാർഡുകൾ തടഞ്ഞുനിർത്തി ലഗേജ് തുറന്ന് പരിശോധിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുരക്ഷാ ജീവനക്കാർ സ്യൂട്ട്കേസ് പരിശോധിക്കുന്നതും തുറക്കുമ്പോൾ അതിന്‍റെ ഉള്ളിൽ പെൺകുട്ടി ഇരിക്കുന്നതും വീഡിയോയിൽ കാണനാകും.
ഹരിയാനയിലെ സോനിപത്തിലെ സർവകലാശാലയിലാണ് സംഭവം. സ്യൂട്ട്കേസുമായി വരുമ്പോൾ പെട്ടി അറിയാതെ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി ശബ്ദമുണ്ടാക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാർ സംശയം തോന്നി പരിശോധന നടത്തുന്നതോടെയാണ് ഇരുവരും പിടിക്കപ്പെടുന്നത്.
അതേസമയം, സംഭവത്തിന് മറുപടിയായി, ഇത് വിദ്യാർഥികൾ 'വികൃതി കാണിക്കുന്നതാണ്' എന്നും അത് 'വലിയ കാര്യമല്ല' എന്നും സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) പ്രതികരിച്ചു. തങ്ങളുടെ സുരക്ഷ കർശനമായതിനാലാണ് പിടിക്കപ്പെട്ടതെന്നും വിഷയത്തിൽ ആരും ഒരു തരത്തിലുള്ള പരാതിയും നൽകിയിട്ടില്ല എന്നും പിആർഒ വ്യക്തമാക്കി.
സ്യൂട്ട്കേസിലുണ്ടായിരുന്ന പെൺകുട്ടി കാമ്പസിലെ തന്നെ വിദ്യാർഥിയാണോ എന്നതിൽ വ്യക്തതയില്ല. പെൺകുട്ടി വിദ്യാർഥിയുടെ കാമുകിയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിഷയത്തിൽ എന്തെങ്കിലും അച്ചടക്ക നടപടി സ്വീകരിക്കുമോ എന്നതും സർവകലാശാല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.