

കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഒമ്പത് എയർപോർട്ടുകളിൽ സൗകര്യം.
അബുദാബി: യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് ഇനി മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഒമ്പത് എയർപോർട്ടുകളിൽ ഇമറാത്തികൾക്ക് 'ഓൺ അറൈവൽ വിസ' സൗകര്യം ഏർപ്പെടുത്തി.
60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ ഇതിലൂടെ യുഎഇ പൗരൻമാർക്ക് അനുമതി ലഭിക്കും. നേരത്തേ മുൻകൂറായി അപേക്ഷിച്ചാൽ ലഭിക്കുന്ന ഇ-വിസയോ, പേപ്പർവിസയോ കൈവശമുണ്ടെങ്കിൽ മാത്രമാണ് യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്.
കൊച്ചി, കോഴിക്കോട് എന്നിവക്ക് പുറമേ, ന്യൂഡൽഹി, മുംബൈ, കൊൽകൊത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
ഇന്ത്യയിൽ ഇറങ്ങിയ ശേഷം Indian Visa Su-Swagatam മൊബൈൽ ആപ്ലിക്കേഷനിലോ, https://indianvisaonline.gov.in/earrival/ എന്ന വെബ്സൈറ്റിലോ ഫോറം പൂരിപ്പിച്ച് നൽകണം. 2000 രൂപയാണ് വിസാ ഫീസ്. 60 ദിവസം വരെ വിനോദസഞ്ചാരം, സമ്മേളനം, ചികിൽസ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ തങ്ങാൻ അനുമതി ലഭിക്കും. എന്നാൽ, യുഎഇ സ്വദേശിയുടെ മുത്തച്ഛനോ, മുത്തശ്ശിയോ പാകിസ്താൻ പൗർമാരോ, സ്ഥിരതാമസക്കാരോ ആണെങ്കിൽ ഓൺ എറൈവൽ വിസ ലഭിക്കില്ല.
അവർ അബുദാബി എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വഴി പേപ്പർവിസ ലഭിച്ചതിന് ശേഷം മാത്രമേ ഇന്ത്യയിലേക്ക് പുറപ്പെടാൻ പാടുള്ളൂ. അപേക്ഷകരുടെ പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.