''പ്രധാനമന്ത്രിയായാൽ ഇന്ത‍്യയെ ഹിന്ദു രാഷ്ട്രമാക്കും, ഹനുമാൻ ചാലിസ ദേശീയ ഗാനമായി പ്രഖ‍്യാപിക്കും''; വ്ളോഗർ അമൃത് സിങ് ഡാറൻ‌

5 ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്
vlogger amrit singh darren insta post

അമൃത് സിങ് ഡാരൻ

Updated on: 

ന‍്യൂഡൽഹി: ഫോര്‍ട്ട് കൊച്ചിയില്‍ നിറയെ മുസ്ലിങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും പറഞ്ഞ് വിഡിയോ പങ്കുവച്ച ഉത്തരേന്ത‍്യൻ വ്ലോഗറുടെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു. താനായിരുന്നു ഇന്ത‍്യയുടെ പ്രധാനമന്ത്രിയെങ്കിൽ കോൺഗ്രസിനെ നിരോധിക്കുമെന്നും ഇന്ത‍്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ‍്യാപിക്കുമെന്നുമായിരുന്നു വ്ലോഗറുടെ പോസ്റ്റ്.

5 ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഭരണഘടനയിൽ നിന്നും മതേതരത്വം എന്ന പദം ഒഴിവാക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവരെ ജയിലിലടയ്ക്കുമെന്നും അമൃത് സിങ് പറഞ്ഞു.

പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും ഇന്ത‍്യയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്നു പറഞ്ഞ അമൃത് സിങ് ഡാറൻ കാവി പതാകയെ ദേശീയ പതാകയായും ഹനുമാൻ ചാലിസയെ ദേശീയ ഗാനമായും പ്രഖ‍്യാപിക്കുമെന്ന് കൂട്ടിച്ചേർത്തു. ഇതിനോടകം നിരവധിയാളുകളാണ് ഇയാളുടെ പോസ്റ്റിന് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങൾ ഇന്ത‍്യയുടെ പ്രധാനമന്ത്രിയാകാതിരിക്കാൻ ഞാൻ പ്രാർഥിക്കാം, വിദ‍്യാഭ‍്യാസമില്ലാത്ത ആർഎസ്എസുകാരന്‍റെ ചിന്താഗതി, നിങ്ങൾ ഇപ്പോഴും കുട്ടിയാണ് ഈ ലോകത്തെ പറ്റി നിങ്ങൾക്ക് ഒന്നും അറിയില്ല, ഇത് സംഭവിച്ചാൽ അടുത്ത ദിവസം ലോകം അവസാനിക്കും എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

അതേസമയം, വിദ്വേഷ വിഡിയോ പങ്കുവച്ചതിന് ഫോർട്ട് കൊച്ചി സ്വദേശിയുടെ പരാതിയിൽ ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. മതസ്പർദ്ധ വളർത്തുക, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ലഹളയുണ്ടാക്കാൻ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com