ബിജെപിയുടെ രണ്ടാംഘട്ടം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി; മൈസൂരുവിൽ രാജകുടുംബാംഗം വൊഡ്ഡയാർ സ്ഥാനാർഥിയാകും

10 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്
ബിജെപിയുടെ രണ്ടാംഘട്ടം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി; മൈസൂരുവിൽ രാജകുടുംബാംഗം വൊഡ്ഡയാർ സ്ഥാനാർഥിയാകും

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, അനുരാഗ് സിങ് ഠാക്കുർ, പ്രഹ്ലാദ് ജോഷി, പീയൂഷ് ഗോയൽ എന്നിവരുൾപ്പെടുന്ന ബിജെപിയുടെ രണ്ടാംഘട്ടം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 10 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തമിഴ്നാടും കേരളത്തിലെ ബാക്കി നാലു സീറ്റുകളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

ഗഡ്കരി നാഗ്പുരിലും പ്രഹ്ലാദ് ജോഷി ധർവാഡിലും ഗോയൽ മുംബൈ നോർത്തിലും ജനവിധി തേടും. ബംഗളൂരു നോർത്തിൽ ശോഭ കരന്ദ്‌ലജെയും ബംഗളൂരു റൂറലിൽ തേജസ്വി സൂര്യയും വീണ്ടും ജനവിധി തേടും. ത്രിവേന്ദ്ര സിങ് റാവത്താണ് ഹരിദ്വാറിലെ സ്ഥാനാർഥി. കർണാൽ നിയമസഭാ മണ്ഡലത്തിൽ നിന്നു രാജിവച്ച ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർണാലിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും. എഎപിയിൽ നിന്നു ബിജെപിയിലെത്തിയ അശോക് തൻവറാണ് സിർസയിലെ സ്ഥാനാർഥി.

പാർലമെന്‍റ് സുരക്ഷാ വീഴ്ചാ വിവാദത്തിൽ ഉൾപ്പെട്ട മൈസൂരു എംപി പ്രതാപ് സിംഹയ്ക്ക് സീറ്റില്ല. പകരം മൈസൂരു രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡ്ഡയാറാണ് ഇവിടത്തെ സ്ഥാനാർഥി. സീറ്റ് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും നേതൃത്വത്തെ അനുസരിക്കുമെന്നും സിംഹ വ്യക്തമാക്കിയിരുന്നു.

കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര ഷിമോഗയിലും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹവേരിയിലും മത്സരിക്കും. ഡൽഹിയിൽ 7 സിറ്റിങ് എംപിമാരിൽ 6 പേരെയും ബിജെപി മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 195 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com