

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധം (ഫയൽ ചിത്രം)
ന്യൂഡൽഹി: 'വോട്ട് മോഷണം' ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുന്നതിനുമുള്ള തുടർനടപടികൾ ആലോചിക്കാൻ പ്രതിപക്ഷമായ ഇന്ത്യാ സഖ്യ നേതാക്കൾ വ്യാഴാഴ്ച വൈകിട്ട് ഓൺലൈൻ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
നവംബർ ഒന്നിന് ഡൽഹിയിൽ നടത്താനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്‍റെ റാലിയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. 'വോട്ട് മോഷണം' ആരോപണത്തിൽ സർക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കാനുള്ള മാർഗങ്ങളും നേതാക്കൾ ചർച്ച ചെയ്യും.
വനിതാ സംവരണ നിയമം നേരത്തേ നടപ്പാക്കുന്നതിനായി മണ്ഡല പുനർനിർണയം ഉൾപ്പെടുന്ന ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ സർക്കാർ പാർലമെന്‍റ് സമ്മേളനം വിളിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യോഗം. കഴിഞ്ഞയാഴ്ച 'വോട്ട് മോഷണം' ആരോപണവുമായി ബന്ധപ്പെട്ട പ്രതിഷേധം സുപ്രീം കോടതിയുടെ പടിവാതിൽക്കലെത്തിയിരുന്നു.
ഒക്റ്റോബർ 12ന് പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും സിവിൽ സൊസൈറ്റി അംഗങ്ങളും ഡൽഹിയിൽ 'മാർച്ച് ഫോർ ഡെമോക്രസി'യിൽ പങ്കെടുത്തിരുന്നു. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരേ (എസ്ഐആർ) തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് സംയുക്ത ഹർജിയും സമർപ്പിച്ചു.
ഒക്റ്റോബർ 13ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യാ സഖ്യ നേതാക്കളെ സ്വന്തം വസതിയിൽ ചായസൽക്കാരത്തിന് ക്ഷണിച്ചിരുന്നു. പോരാട്ടം ലക്ഷ്യത്തിലെത്തുന്നതുവരെ 'വോട്ട് മോഷണം' വിഷയത്തിൽ പ്രതിഷേധം തുടരുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചിരുന്നു.