വോട്ടർപട്ടിക പരിഷ്കരണം; രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ കാർഡിന്‍റെ വ്യക്തമായ പകർപ്പ് ലഭ്യമല്ലാത്തതടക്കം 14 പിഴവുകളാണ് സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയത്
Rahul Gandhi

രാഹുൽ ഗാന്ധി

file image

Updated on: 

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും 10 പ്രതിപക്ഷ നേതാക്കളും സമർപ്പിച്ച ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തില്ല. ഹർജിയിലെ പിഴവുകൾ തിരുത്താത്തതാണ് കാരണം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ കാർഡിന്‍റെ വ്യക്തമായ പകർപ്പ് ലഭ്യമല്ലാത്തതടക്കം 14 പിഴവുകളാണ് സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയത്. ഹർജിയിലെ ചില പേജുകൾ വായിക്കാൻ കഴിയാത്തതും ചില പേജുകൾ ഇല്ലാത്തതും രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്, പിഴവുകൾ തിരുത്തിയാൽ ഹർജി പരിഗണനയ്ക്ക് ലിസ്റ്റ് ചെയ്യാമെന്ന് ചൊവ്വാഴ്ച ഉറപ്പുനൽകി. പിഴവുകൾ പരിഹരിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

ഒക്റ്റോബർ 12ന് നടത്തിയ വൻ പ്രതിഷേധ മാർച്ചിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഹർജി സമർപ്പിച്ചത്. നിവേദനം സമർപ്പിക്കാൻ കൂടിക്കാഴ്ച അനുമതി തേടിയ രാഹുൽ ഗാന്ധിക്ക്, ഹർജി സമർപ്പിച്ചാൽ നേരത്തേ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും പുറമേ തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി പ്രസാദ് യാദവ്, എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, സിപിഐ നേതാവ് ഡി. രാജ, ഝാർഖണ്ഡ് മുക്തി മോർച്ച എംപി മഹുവ മാജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് സഹഹർജിക്കാർ.

logo
Metro Vaartha
www.metrovaartha.com