വോട്ടിങ് യന്ത്രം: കോൺഗ്രസിനെ തള്ളി തൃണമൂലും

തൃണമൂൽ നേതാവിനു സത്യം മനസിലായെന്നാണ് കേന്ദ്ര മന്ത്രി സതീഷ് ചന്ദ്ര ദുബെയുടെ പ്രതികരണം.
Voting machine: Trinamool rejects Congress
വോട്ടിങ് യന്ത്രം: കോൺഗ്രസിനെ തള്ളി തൃണമൂലും
Updated on

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരായ കോൺഗ്രസിന്‍റെ ആരോപണങ്ങളെ തള്ളി തൃണമൂൽ കോൺഗ്രസും. വോട്ടിങ് യന്ത്രത്തെ സംശയിക്കുന്നവർ അതിനെ "ഹാക്കിങ്ങിന്' വിധേയമാക്കുന്നതെങ്ങനെയെന്നു കൂടി വിശദീകരിക്കണമെന്നു തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി പറഞ്ഞു. ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മിഷനെയും ബോധ്യപ്പെടുത്തണമെന്നു ബാനർജി.

തോൽക്കുമ്പോൾ പഴിക്കാനുള്ളതല്ല വോട്ടിങ് യന്ത്രമെന്നു കഴിഞ്ഞ ദിവസം ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള തുറന്നടിച്ചതിനു പിന്നാലെയാണ് "ഇന്ത്യ' സഖ്യത്തിലെ ഭിന്നത ശക്തമാക്കി തൃണമൂൽ കോൺഗ്രസും രംഗത്തെത്തുന്നത്. പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അനന്തരവനും തൃണമൂലിലെ രണ്ടാമനുമാണ് അഭിഷേക് ബാനർജി.

വോട്ടിങ് യന്ത്രത്തിന്‍റെ ക്രമീകരണത്തിലും പോളിങ് ബൂത്തുകളിലെ മോക്ക് പോളിങ്ങിലും വോട്ടെണ്ണലിലുമെല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആരോപണത്തിൽ കഴമ്പുണ്ടെന്നു താൻ കരുതുന്നില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു.

തൃണമൂൽ നേതാവിനു സത്യം മനസിലായെന്നാണ് കേന്ദ്ര മന്ത്രി സതീഷ് ചന്ദ്ര ദുബെയുടെ പ്രതികരണം. അടുത്തിടെ രണ്ടു തെരഞ്ഞെടുപ്പുകൾ നടന്നു. ജമ്മു കശ്മീരിലും ഝാർഖണ്ഡിലും പ്രതിപക്ഷ സഖ്യത്തിൽ ഉൾപ്പെട്ട പാർട്ടികൾ വിജയിച്ചു. അവിടെ വോട്ടിങ് യന്ത്രത്തിനെതിരേ ആരോപണമില്ല.

നുണ പറഞ്ഞുകൊണ്ട് സഖ്യത്തിന് നിലനിൽക്കാനാവില്ലെന്ന യാഥാർഥ്യം വൈകിയെങ്കിലും അഭിഷേക് ബാനർജി തിരിച്ചറിഞ്ഞെന്നും ദുബെ. എന്നാൽ, തങ്ങൾ മാത്രമല്ല, സമാജ്‌വാദി പാർട്ടിയും എൻസിപി (എസ്പി)യും ശിവസേന (യുബിടി)യും വോട്ടിങ് യന്ത്രത്തിൽ സംശയം പ്രകടിപ്പിച്ചെന്നാണു കോൺഗ്രസ് എംപി ബി. മാണിക്യം ടഗോറിന്‍റെ മറുപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com