
സീതാറാം യെച്ചൂരി, വി.എസ് അച്യുതാനന്ദൻ
ന്യൂഡൽഹി: പാർട്ടിക്കെതിരേ പാർട്ടിക്കുള്ളിൽ നിന്ന് പോരാടിയ വി.എസ് അച്യുതാനന്ദന്‍റെ നിലപാടുകൾക്കുള്ള എക്കാലത്തെയും നിശബ്ദ പിന്തുണ സീതാറാം യെച്ചൂരിയായിരുന്നു. പ്രായത്തിലും പരിചയസമ്പത്തിലും പാർട്ടിയിലും സീനിയർ വി.എസ് ആണെങ്കിലും അവസാന കാലത്ത് പലപ്പോഴും അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ റോൾ കൂടി ഏറ്റെടുത്തിരുന്നു യെച്ചൂരി; പ്രത്യേകിച്ച് കേരളഘടകത്തിൽ വിഭാഗീയത രൂക്ഷമായ കാലങ്ങളിൽ. യെച്ചൂരി വിടപറഞ്ഞ് ഒരു വർഷം തികയും മുൻപേയാണു വിഎസും മടങ്ങുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു പാർട്ടിയിലെത്തിയവരായിരുന്നു വിഎസും യെച്ചൂരിയും. 29 വയസിന്‍റെ പ്രായവ്യത്യാസമുണ്ട് ഇരുവർക്കും. യെച്ചൂരി ആന്ധ്രയിലെ സവർണ പശ്ചാത്തലത്തിൽ നിന്ന് ജെഎൻയു വിദ്യാഭ്യാസത്തിന്‍റെ പിൻബലത്തിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ എത്തിയയാൾ.
വിഎസാകട്ടെ, ആലപ്പുഴയിലെ പട്ടിണിക്കാരായ തൊഴിലാളികൾക്കിടയിൽ നിന്ന് അവരെ സംഘടിപ്പിച്ച് വളർന്ന നേതാവ്. എഴുത്തിലും പ്രസംഗത്തിലും വിപുലമായ വായനയുടെ അറിവുകളുടെ കരുത്തോടെ യെച്ചൂരിയെത്തുമ്പോൾ അനുഭവങ്ങളുടെ പുസ്തകമായിരുന്നു വിഎസിന്‍റെ കരുത്ത്. എന്നിട്ടും ഇരുവരും തമ്മിലുള്ള ഇഴയടുപ്പം സവിശേഷമായിരുന്നു. യെച്ചൂരിയുടെ മനസ് വിഎസിനും വിഎസിന്‍റെ മനസ് യെച്ചൂരിക്കും മനസിലാകാൻ ഭാഷ തടസമായിരുന്നില്ല. ആ അടുപ്പം പാർട്ടിയിലെ വിഎസിന്‍റെ ആളെന്ന് യെച്ചൂരിക്കും യെച്ചൂരിയുടെ ആളെന്നു വിഎസിനും വിളിപ്പേരിനും കാരണമായി.
2000ന്‍റെ ആദ്യകാലങ്ങളിൽ വിഎസ്- പിണറായി പോര് പാർട്ടിയെ പിടിച്ചുലയ്ക്കുമ്പോൾ യെച്ചൂരിയുടെ ഇടപെടലുകൾ നിർണായകമായിരുന്നു. പാർട്ടിയിലെ ബഹുഭൂരിപക്ഷത്തെയും ഒപ്പം നിർത്തി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിച്ച പോരാട്ടത്തിൽ പലപ്പോഴും ഒറ്റയായ വിഎസിനെ യെച്ചൂരി താങ്ങി നിർത്തി. 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ നിർണായക ഇടപെടലിലൂടെ തീരുമാനം തിരുത്തിച്ചത് യെച്ചൂരിയായിരുന്നു. ഇതിൽ യെച്ചൂരിക്ക് അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ പത്നിയും പിബി അംഗവുമായിരുന്ന വൃന്ദ കാരാട്ടും ശക്തമായ പിന്തുണ നൽകിയെന്നതു ശ്രദ്ധേയം.
2016 നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പിണറായി വിജയനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോൾ തൊട്ടടുത്തിരുന്ന വിഎസിനെ കേരളത്തിന്‍റെ ഫിഡൽ കാസ്ട്രോയെന്നാണ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന യെച്ചൂരി വിശേഷിപ്പിച്ചത്. വിഎസിനു ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ എന്ന സ്ഥാനം നൽകിയതിനു പിന്നിലും യെച്ചൂരിയുടെ സമ്മർദമുണ്ടായിരുന്നു. 2009ൽ ലാവലിൻ കേസിനെച്ചൊല്ലി പരസ്യമായി പോരടിച്ച വിഎസിനെയും പിണറായിയെയും പൊളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കിയ തീരുമാനത്തിൽ പക്ഷേ, യെച്ചൂരി നിസഹായനായിരുന്നു.
ഇരുവരും പരസ്യമായി അച്ചടക്കം ലംഘിച്ചെന്നു വിലയിരുത്തിയപ്പോൾ ഭൂരിപക്ഷ തീരുമാനത്തിനൊപ്പം നിൽക്കേണ്ടി വന്നു യെച്ചൂരിക്ക്. പിണറായിയെ പിന്നീടു പിബിയിൽ തിരിച്ചെടുത്തെങ്കിലും വിഎസിന് ആ ആനുകൂല്യം നൽകാനായില്ല. പിബിയിൽ തിരികെ അംഗത്വം വിഎസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആറു പതിറ്റാണ്ടു മുൻപ് പാർട്ടിയുടെ രൂപീകരണത്തിനു വഴിയൊരുക്കിയ പിളർപ്പിൽ പങ്കെടുത്ത നേതാവ് ഒടുവിൽ ഇന്നലെ വിടവാങ്ങുമ്പോൾ ആഗ്രഹം ബാക്കിയാകുന്നു.