

പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: സമൂഹമാധ‍്യമമായ എക്സിൽ നിന്നും പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ. സ്കൂൾ ഗാനം പാടുന്നുവെന്ന തലക്കെട്ടോടെ ഇംഗ്ലീഷ് വിവർത്തനം അടങ്ങുന്നതാണ് ദക്ഷിണ റെയിൽവേയുടെ പുതിയ പോസ്റ്റ്.
എറണാകുളം ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെയായിരുന്നു സരസ്വതി വിദ‍്യാലയ സ്കൂളിലെ വിദ‍്യാർഥികളെകൊണ്ട് ആർഎസ്എസിന്‍റെ ഗണഗീതം പാടിപ്പിച്ചത്. വലിയ വിവാദമായതിനു പിന്നാലെ റെയിൽവേ വിഡിയോ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ വീണ്ടും പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.
വിഷയത്തിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗണഗീതം പാടിപ്പിച്ച റെയിൽവെയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഗാനം സർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ ഉൽപ്പെടുത്തിയത് ഭരണഘടന ലംഘനമാണെന്നും മുഖ‍്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.
പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്‍റെ ഭാഗമാണിതെന്നും റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്‍റെ വേദിയാക്കിയത് ദൗർഭാഗ‍്യകരമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു.