
വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ചിന്; അടുത്ത ചീഫ് ജസ്റ്റിസ് മേയ് 15 ന് പരിഗണിക്കും
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ചിനു വിട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അടുത്ത ചീഫ് ജസ്റ്റിസാവുന്ന ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാവും ഇനി ഹർജികൾ പരിഗണിക്കുക. മേയ് 15 നാവും പുതിയ ബെഞ്ച് ഹർജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യത്തിലാണ് മാറ്റം.
തിങ്കളാഴ്ച ഹർജി പരിഗണിക്കവെ, വഖഫ് ഭേദഗതിക്കെതിരായ ഹർജി ഇനി താൻ പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു.
തുടർന്ന് കേന്ദ്രത്തോട് അഭിപ്രായം തേടിയപ്പോൾ, പുതിയ ബെഞ്ചിലേക്ക് ഹർജി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് മേയ് 15ലേക്ക് മാറ്റി.
എന്നാൽ, വഖഫുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള എല്ലാ ഉത്തരവുകൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഹർജികൾ തീർപ്പാക്കും വരെ നിലവിലുള്ള ചീഫ് ജസ്റ്റിസിനു സമയം ലഭിക്കില്ലെന്നും, എല്ലാ കക്ഷികളും പുതിയ ബെഞ്ചിനു ഹർജി കൈമാറുന്നതിനെ അംഗീകരിച്ചുവെന്നും ഹാരിസ് ബീരാൻ എംപി വ്യക്തമാക്കി. മേയ് 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന വിരമിക്കുന്നത്.