സമരത്തിൽ നിന്ന് പിൻവാങ്ങില്ല; എല്ലാ പൗരൻമാരോടും തെരുവിലേക്ക് ഇറങ്ങാൻ ആഹ്വാനം ചെയ്ത് സിജെപി നേതാവ് സൗരവ് ദാസ്

ഞായറാഴ്ച രാവിലെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സൗരവ് ദാസ് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്
CJP leaders Ashutosh Ranka and Saurav Das

സിജെപി നേതാവ് സൗരവ് ദാസ്, അശുതോഷ് റങ്ക സമീപം

Updated on: 

ന്യൂഡൽഹി: ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് കോടതി വിട്ടയച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും പൊലീസിനെയും കടുത്ത ഭാഷയിൽ അതിരൂക്ഷമായി വിമർശിച്ച് സിജെപി നേതാവ് സൗരവ് ദാസ്. സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്നും എല്ലാ പൗരൻമാരോടും തെരുവിലേക്ക് ഇറങ്ങാൻ അഭ്യർഥിക്കുന്നുവെന്നും സൗരവ് ദാസ് പറഞ്ഞു. ഞായറാഴ്ച രാവിലെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സൗരവ് ദാസ് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ സംരക്ഷിക്കാൻ എന്തിനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും സൗരവ് ചോദിച്ചു. ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുതെന്നാണ് പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി മോദിയും അമിത് ഷായും ജ്ഞാനേഷ് കുമാറുമാണ് സമാനാന്തരീക്ഷം തകർക്കുന്നത്.

കസ്റ്റഡിയിലെടുക്കുന്നതിനായി ഡൽഹി പൊലീസ് ഔദ്യോഗിക നോട്ടീസ് നൽകിയിരുന്നില്ലെന്ന് സൗരവ് ദാസ് ആരോപിച്ചു. തങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചു. അതിനാൽ അഭിഭാഷകരെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും സൗരവ് ദാസ് പറഞ്ഞു.

ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും സർക്കാർ സ്വന്തം പൗരന്മാർക്കെതിരേ ഭരണസംവിധാനത്തെ ഉപയോഗിക്കുകയാണെന്നും സൗരവ് ദാസ് ആരോപിച്ചു. പ്രതിഷേധക്കാരെ നിശ്ചിത സമരസ്ഥലത്തേക്ക് പോകാൻ അനുവദിക്കാതെ തടയുന്നതിനു പകരം ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ ക്ഷണിക്കാമായിരുന്നു. ഏകാധിപത്യ ഭരണത്തിൻ കീഴിലെ അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും സർക്കാർ ലക്ഷ്യമിടുകയാണെന്നും സൗരവ് ദാസ് ആരോപിച്ചു.

ഗുരുദ്വാര ബംഗ്ലാ സാഹിബിൽ ചെരിപ്പ് ധരിച്ചും തല മറയ്ക്കാതെയും പ്രവേശിച്ച ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ബലമായി നീക്കിയതായും സൗരവ് ദാസ് ആരോപിച്ചു. പ്രതിഷേധക്കാർക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം സിഖ് സമൂഹത്തോട് അഭ്യർഥിച്ചു.

ജ്ഞാനേഷ് കുമാർ രാജിവയ്ക്കുന്നതു വരെ ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി സഹകൺവീനർ അശുതോഷ് റങ്ക പറഞ്ഞു. കഴിഞ്ഞ 72 മണിക്കൂറിലെ സംഭവങ്ങൾ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണ്. പ്രതിഷേധക്കാർക്ക് ഡൽഹിയിലെത്താൻ കഴിയാതിരിക്കാൻ ട്രെയ്നുകൾ റദ്ദാക്കി. 1975ൽ പോലും ട്രെയ്നുകൾ നിർത്തിയിട്ടില്ല. തന്നെയും സൗരവ് ദാസിനെയും അഭിജീത് ദിപ്കെയെയും തട്ടിക്കൊണ്ടുപോയതുപോലെയാണ് വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തതെന്നും റങ്ക ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com