അസമിന് കൈതാങ്ങുമായി പശ്ചിമ ബംഗാൾ സർക്കാർ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം പ്രഖ‍്യാപിച്ചു

അസമിലെ സ്ഥിതി ഭയാനകമാണെന്ന് വിശേഷിപ്പിച്ച മുഖ‍്യമന്ത്രി സുവേന്ദു അധികാരി 10 കോടി രൂപയാണ് ധനസഹായം പ്രഖ‍്യാപിച്ചിരിക്കുന്നത്
West Bengal announces Rs 10 crore flood assistance to Assam

സുവേന്ദു അധികാരി

Updated on

കോൽക്കത്ത: കനത്ത മഴ മൂലമുണ്ടായ പ്രളയക്കെടുതിയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ അസം സംസ്ഥാനത്തിന് ധനസഹായം പ്രഖ‍്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. അസമിലെ സ്ഥിതി ഭയാനകമാണെന്ന് വിശേഷിപ്പിച്ച മുഖ‍്യമന്ത്രി സുവേന്ദു അധികാരി 10 കോടി രൂപയാണ് ധനസഹായം പ്രഖ‍്യാപിച്ചിരിക്കുന്നത്.

അസമിൽ 100ലധികം പേർ മരിച്ചതായും അസമുമായി തങ്ങൾക്ക് പ്രത‍്യേകം ആത്മീയ ബന്ധമുണ്ടെന്നും സുവേന്ദു പറഞ്ഞു. മണിപ്പൂർ, ഛത്തീസ്ഗഢ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ അസമിന് ധനസഹായം പ്രഖ‍്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പശ്ചിമ ബംഗാൾ സർക്കാരും ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്നും 10 കോടി രൂപ ധനസഹായം നൽകുമെന്ന് മുഖ‍്യമന്ത്രി നിയമസഭയിൽ വ‍്യക്തമാക്കി.

അതേസമയം, അസമിലെ സ്ഥിതി ഓഗസ്റ്റ് 12നും ഗുരുതരമായി തുടരുകയാണ്. നാലു ജില്ലകളിലായി 1.12 ലക്ഷത്തിലധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നിരവധി നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്നും ഇത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുവെന്നും അസം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പറഞ്ഞു.

ശിവസാഗർ, ഗോലഘട്ട്, നാഗോൺ, ജോർഹട്ട് എന്നീ ജില്ലകളിലായി 1,12, 700 പേർ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 5 ജില്ലകളിലായി 92 ദുരിതാശ്വാസ ക‍്യാംപുകളും വിതരണ കേന്ദ്രങ്ങളും പ്രവൃത്തിക്കുന്നുണ്ട്. ഏകദേശം 440 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും 10,879.03 ഹെക്റ്റർ കൃഷിഭൂമി നശിച്ചെന്നുമാണ് ദുരന്ത നിവാരണ അഥോറിറ്റി പറയുന്നത്.

logo
Metro Vaartha
www.metrovaartha.com