

അരുൺ കുമാർ സിങ്
കോൽക്കത്ത: നവജാത ശിശു രോഗ വിദഗ്ധൻ അരുൺ കുമാർ സിങ്ങിനെ പശ്ചിമ ബംഗാൾ സർക്കാർ ഉപദേഷ്ടാവായി നിയമിച്ചു. രണ്ടുവർഷത്തേക്കാണ് നിയമനം. നിലവിൽ ജോധ്പുരിലെ എയിംസിൽ നവജാത ശിശു രോഗ വിഭാഗം മേധാവിയായി പ്രവൃത്തിച്ചുവരുകയാണ് അദ്ദേഹം.
പുതിയ ചുമതലയ്ക്ക് മുൻപ് കേന്ദ്ര ആരോഗ‍്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ചൈൽഡ് ഹെൽത്ത് വിഭാഗത്തിലും രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമിലും (ആർബിഎസ്കെ) ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരിചയവുമുണ്ട് അരുൺ കുമാർ സിങ്ങിന്.
പശ്ചിമ ബംഗാളിൽ 34 വർഷത്തെ ഇടത് ഭരണത്തിന് അന്ത‍്യം കുറിച്ച് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തി ഒരുവർഷം പിന്നിട്ടപ്പോൾ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവിനെച്ചൊല്ലി സർക്കാരുമായുണ്ടായ അഭിപ്രായ വ‍്യത‍്യാസത്തെത്തുടർന്ന് സംസ്ഥാനം വിട്ട് അരുൺ കുമാർ രാജസ്ഥാനിൽ സ്ഥിരതാമസമാക്കിയിരുന്നു.
2012ലാണ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ അരുൺ കുമാർ സിങ്ങിനെ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയത്. അന്ന് ഇത് വലിയതോതിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇടത് സർക്കാരിന്‍റെ കാലത്ത് കോൽക്കത്തയിലെ എസ്എസ്‌കെഎം മെഡിക്കൽ കോളെജിൽ നവജാത ശിശു ചികിത്സ വിഭാഗവും മുലപ്പാൽ ബാങ്കും സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.