

സുവേന്ദു അധികാരി
കോൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കോൽക്കത്തയിലെ ചോർബഗാൻ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിനായി പശ്ചിമ ബംഗാൾ സർക്കാർ ആറംഗ പ്രത‍്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. വിരമിച്ച ജഡ്ജി അനിന്ദിത റോയ് സരസ്വതിയുടെ നേതൃത്വത്തിലുള്ള എസ്ഐടി വിഷയം അന്വേഷിക്കും.
മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ടും ശുപാർശകളും സംസ്ഥാന സർക്കാരിന് സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാൾ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കോൽക്കത്ത ഹൈക്കോടതിയുമായി ആലോചിച്ചാണ് അന്വേഷണ സംഘം രൂപീകരിച്ചതെന്നും ഉത്തരവിൽ വ‍്യക്തമാക്കിയിട്ടുണ്ട്.
വിരമിച്ച ജഡ്ജിക്കു പുറമെ ഐജിയും ഡിജിപിയും അടക്കമുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായ സാഹചര‍്യം, തിരക്കിന് കാരണമായ സാഹചര‍്യങ്ങൾ, സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ എണ്ണം, അനുവദനീയമായ സുരക്ഷിത പരിധിയിൽ കൂടുതൽ ആളുകൾ കൂട്ടംകൂടിയിരുന്നോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ‍്യങ്ങൾ, മൊബൈൽ ഫോൺ വിഡിയോകൾ, ഫൊറൻസിക് കണ്ടെത്തലുകൾ, മറ്റു തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.