കോൽക്കത്ത: ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് വധശിക്ഷ നിർദേശിച്ച് പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയ "അപരാജിത ബിൽ' ഗവർണർ സി.വി. ആനന്ദബോസ് രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ചൊവ്വാഴ്ച നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലാണിത്. ക്രിമിനൽ നിയമം കൺകറന്‍റ് പട്ടികയിൽ വരുന്നതിനാൽ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം വേണ്ടിവരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ആന്ധ്രപ്രദേശും മഹാരാഷ്‌ട്രയും പാസാക്കിയ സമാനമായ നിയമങ്ങളും വർഷങ്ങളായി രാഷ്‌ട്രപതിയുടെ അംഗീകാരം കാത്തിരിക്കുന്നതിനിടെയാണു പശ്ചിമ ബംഗാളിന്‍റെ ബില്ലുമെത്തുന്നത്.
ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് രാജ്ഭവന് കൈമാറുന്നതിൽ മമത ബാനർജി സർക്കാർ വീഴ്ച വരുത്തിയെന്നു നേരത്തേ ആനന്ദബോസ് ആരോപിച്ചിരുന്നു. ബില്ലിന് അനുമതി നൽകാൻ സാങ്കേതിക റിപ്പോർട്ട് കൂടി രാജ്ഭവന് കൈമാറണം. എന്നാൽ, ഇതു കൈമാറാതെ രാജ്ഭവനെ പഴിചാരുകയെന്നതാണു മമതയുടെ തന്ത്രം. മമത സർക്കാർ ഇതാദ്യമല്ല സാങ്കേതിക റിപ്പോർട്ട് കൈമാറാതിരിക്കുന്നത്. രാജ്ഭവൻ ബില്ലിന് അനുമതി നൽകിയില്ലെന്ന് ആരോപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപരാജിത ബിൽ ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾ പാസാക്കിയ ബില്ലിന്‍റെ തനിപ്പകർപ്പാണ്. ഈ ബില്ലുകളെല്ലാം രാഷ്‌ട്രപതിയുടെ പരിഗണനയിലാണെന്ന് അറിഞ്ഞുകൊണ്ടാണ് മമതയും ബിൽ കൊണ്ടുവന്നത്. അനുമതി ലഭിച്ചില്ലെങ്തിൽ രാജ്ഭവനെതിരേ ധർണ നടത്തുമെന്ന പ്രഖ്യാപനം ബംഗാൾ ജനതയെ പറ്റിക്കാനാണെന്നും ആനന്ദബോസ്. അതേസമയം, രാഷ്‌ട്രീയമായ പ്രസ്താവനകളിൽ നിന്ന് ഗവർണർ വിട്ടുനിൽക്കണമെന്നു പശ്ചിമ ബംഗാൾ സ്പീക്കർ ബിമൻ ബാനർജി പ്രതികരിച്ചു.