

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.
File image
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 400 തെരഞ്ഞെടുത്ത കാന്‍റീനുകളില്‍ 5 രൂപയ്ക്ക് മീന്‍ കറി ഊണ് ലഭ്യമാക്കുമെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ബംഗാളി ഭക്ഷണത്തിലെ പ്രധാന ഇനമാണ് മത്സ്യവും, മാംസവും, മുട്ടയും. എന്നാല്‍ ഇവ മൂന്നിനും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്.
ഈ പശ്ചാത്തലത്തിലാണ് സുവേന്ദു അധികാരി 5 രൂപയ്ക്ക് മീന്‍ കറി ഊണ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മീനോ, മാംസമോ, മുട്ടയോ ഭക്ഷിക്കുന്നതിന് പശ്ചിമ ബംഗാളില്‍ യാതൊരു വിധ നിരോധനങ്ങളും ഏര്‍പ്പെടുത്തില്ലെന്നു ബിജെപി പറഞ്ഞു. ഇവയ്ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം പാര്‍ട്ടി തള്ളുകയും ചെയ്തു. സ്‌കൂളുകള്‍, കോളെജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ അനുവദിക്കില്ലെന്ന് അധികാരി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ബുധനാഴ്ച മുതല്‍ അന്നപൂര്‍ണ യോജനയ്ക്കുള്ള ഫോമുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങുമെന്നും അധികാരി പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായമായി ലഭിക്കുന്ന പദ്ധതിയാണിത്.
ഈ മാസം 9ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ബിജെപി നേതാവായ സുവേന്ദു അധികാരി നിരവധി സംരംഭങ്ങളും പദ്ധതികളുമാണ് പ്രഖ്യാപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജിയുടെ ഏകദേശം 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുവേന്ദുവിന്‍റെ നേതൃത്വത്തില്‍ ബിജെപി വന്‍ വിജയം നേടിയതും അധികാരമേറ്റതും.