

ഇന്ത്യൻ പാചകപാരമ്പര്യവും ആതിഥേയത്വവും പരിചയപ്പെടുത്തി ബ്രിക്സ് അത്താഴവിരുന്ന്
ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കൾക്കായി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഒരുക്കിയ ഗാലാ ഡിന്നറിൽ വിളമ്പിയത് വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ. ദക്ഷിണേന്ത്യൻ രുചികൾ മുതൽ ഓൾഡ് ഡൽഹിയിലെ പ്രശസ്ത മധുരപലഹാരങ്ങൾ വരെ ഉൾപ്പെടുത്തിയായിരുന്നു പ്രത്യേക മെനു. ഇന്ത്യൻ പാചകപാരമ്പര്യവും ആതിഥേയത്വവും പരിചയപ്പെടുത്തുന്നതായിരുന്നു അത്താഴവിരുന്ന്.
സ്റ്റാർട്ടേഴ്സായി കടലമാവിൽ തയ്യാറാക്കിയ ഖണ്ഡ്വി മില്ലെ-ഫ്യൂയിൽ, കുങ്കുമപ്പൂ മാങ്ങ, മൈക്രോഗ്രീൻസ്, തൈര് എന്നിവയാണ് വിളമ്പിയത്. കൂടാതെ കൂൺ ഉപയോഗിച്ച് തയ്യാറാക്കിയ ഖുംബ് ഗലൗട്ടി കബാബും ഷീർമൽ ബ്രെഡും നൽകി.
പ്രധാന വിഭവങ്ങളിൽ പനീർ ലബാബ്ദാർ, കുങ്കുമപ്പൂ, ഉണക്കമുന്തിരി, മാമ്ര ബദാം എന്നിവ ചേർത്ത ഹിമാലയൻ മോറൽ കൂണും അസ്പാരഗസും ഉൾപ്പെട്ട ഗുച്ചി മാർമിക് എന്നിവയുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ രുചിയായി കാരറ്റ്-പയർ പൊരിയൽ, തക്കാളിയും കറിവേപ്പിലയും ചേർത്ത ലഘു തുവരപ്പരിപ്പ് വിഭവമായ തക്കാളി ബെല്ലെ സാരു എന്നിവയും മെനുവിലുണ്ടായിരുന്നു. ബസ്മതി അരിയും മില്ലറ്റും ചേർത്ത മില്ലറ്റ് പുലാവും ബീറ്റ്റൂട്ട് റൈത്തയും വിവിധ ഇന്ത്യൻ ബ്രെഡുകളും പ്രധാന വിഭവങ്ങളുടെ ഭാഗമായിരുന്നു.
മധുരവിഭവങ്ങളിൽ ഓൾഡ് ഡൽഹിയുടെ രുചി ഓർമിപ്പിക്കുന്ന ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജിലേബിയും മൾബെറിയും ഗോൾഡ് ലീഫും ചേർത്ത ഷാഹ്തൂത് ഫിർനിയും ഉൾപ്പെടുത്തി.
ഭക്ഷണത്തിനൊപ്പം ഇന്ത്യൻ കലാപാരമ്പര്യത്തിനും വിരുന്നിൽ പ്രത്യേക പ്രാധാന്യം നൽകി. ഏകദേശം 160 ഇന്ത്യൻ-അന്താരാഷ്ട്ര കലാകാരന്മാർ അണിനിരന്ന ‘ബ്രിക്‌സ് സിംഫണി’ എന്ന പ്രത്യേക സംഗീത-നൃത്ത പരിപാടിയും അരങ്ങേറി. ഭരതനാട്യം, കുച്ചിപ്പുടി, ഒഡിസി, കഥക് തുടങ്ങിയ വിവിധ ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളും പരമ്പരാഗത വാദ്യസംഗീതവും പരിപാടിയുടെ ഭാഗമായിരുന്നു. കലാപരിപാടി 25 മിനിട്ടോളം നീണ്ടുനിന്നു.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് തുടങ്ങിയ നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.