
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് അവതരണത്തിൽ ബിഹാറിനെ പ്രത്യേകം പരിഗണിച്ചപ്പോൾ എറെ കൗതുകമുണർത്തിയ പ്രഖ്യാപനമായിരുന്നു മഖാന ബോർഡ്. എന്താണു മഖാന എന്ന് ഗൂഗ്‌ളിൽ തെരഞ്ഞവരും ഏറെ. സസ്യാഹാരികളുടെ പ്രോട്ടീൻ എന്ന് അറിയപ്പെടുന്ന മഖാന താമരയുടെ വിത്താണ്. എന്നാൽ, പൂർണമായും താമരവിത്തെന്നും പറയാനാവില്ല. യുറൈൽ ഫെറോക്സ് പ്ലാന്റ് എന്ന ഒരുതരം വാട്ടർലില്ലിയുടെ വിത്താണിത്. ഫോക്‌സ് നട്ട്, ഗാര്‍ഗോണ്‍ നട്‌സ് എന്നിങ്ങനെയും അറിയപ്പെടുന്നു. ഫിറ്റ്‌നസ് പ്രേമികളുടെയും ഡയറ്റ് ചെയ്യുന്നവരുടെയും ഭക്ഷണക്രമത്തിൽ ഇന്നു സുപ്രധാന സ്ഥാനമുണ്ട് മഖാനയ്ക്ക്.
മഖാനയുടെ ഉത്‌പാദനവും സംഭരണവും വിതരണവും കൂടുതല്‍ കാര്യക്ഷമമാക്കാൻ ബോർഡ് രൂപീകരിക്കുമെന്നാണു മന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന മഖാനയുടെ 90 ശതമാനവും ബിഹാറിലാണ്. പ്രത്യേകിച്ചും മിഥിലാഞ്ചലിലെ മധുബനിയില്‍. മഖാനയ്ക്കു പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് ബിഹാർ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ചൈന, മലേഷ്യ, ബംഗ്ലാദേശ്, ക്യാനഡ എന്നിവിടങ്ങളിലും മഖാന ഉത്‌പാദിപ്പിക്കുന്നുണ്ട്.
ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷ്യവസ്തുവായാണ് മഖാനയെ പരിഗണിക്കുന്നത്. കാത്സ്യം, മെഗ്നീഷ്യം, ഇരുമ്പ്, ഫോസ്‌ഫറസ് എന്നിവ ധാരാളമായി മഖാനയില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെയധികം കുറഞ്ഞ ഇത് ശരീര ഭാരം കുറയ്‌ക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ വിശപ്പിനെ ചെറുക്കും. മഖാന സ്ഥിരമായി കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാനാകുമെന്നും വിലയിരുത്തൽ.