
file image
ഭാവ്നഗർ: രാജ്യത്തെ ഏറ്റവും വലിയ ശത്രു മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭാവ്നഗറിൽ വച്ച് സ്വാശ്രയത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. H1-B വിസയുടെ ഫീസ് പ്രതിവർഷം 1,00,000 ഡോളറായി വർധിപ്പിച്ച പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ ഈ പരാമർശം.
''യഥാർഥത്തിൽ, ഇന്ത്യയ്ക്ക് ഈ ലോകത്ത് ഒരു വലിയ ശത്രുവുമില്ല. ഇന്ത്യയുടെ ഏക ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ്. മറ്റുള്ളവരെ ആശ്രയിക്കുന്ന ഈ രീതിയെ നാം പരാജയപ്പെടുത്തേണ്ടതുണ്ട്. നമ്മൾ മറ്റുള്ളവരെ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം പരാജയ നിരക്ക് കൂടുതലാണെന്ന് നാം മനസിലാക്കണം''-അദ്ദേഹം പറഞ്ഞു.
സ്വയം പര്യാപ്തമാവേണ്ട സമയം അതിക്രമിച്ചു. രാജ്യം സെമികണ്ടക്ടർ ചിപ്പുകൾ മുതൽ കപ്പലുകൾ വരെ എല്ലാം നിർമിക്കുന്നുണ്ട്, എന്നാൽ ആളുകൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയാണ്. ഇന്ത്യയിൽ സ്വാശ്രയത്വത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കണം. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ നിലനിർത്തുന്നതിന് ആത്മനിർഭർ ആകേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.