
ന്യൂഡൽഹി: മണിപ്പുരിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി. മന്ത്രിമാരായ വൈ. ഖേംചന്ദ് സിംഗ്, ടി. ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും നിലവിൽ ബിജെപിയുടെ പരിഗണന ലിസ്റ്റിലുണ്ട്.
ഞായറാഴ്ച രാത്രിയാണ് ഗവർണർ അജയ് ഭല്ലയെ നേരിട്ട് കണ്ട് ബിരേൻ സിങ് രാജിക്കത്ത് കൈമാറിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് രാജി. ഒരു വർഷത്തിലധികമായി മണിപ്പുരിൽ സാമുദായിക കലാപം ആളിപ്പടരുകയാണ്. കലാപം ആളിക്കത്തിച്ചതിൽ ബിരേൻ സിങ്ങിന് പങ്കുണ്ടെന്ന് തുടക്കം മുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ അവിശ്വാസ പ്രമേയം നിരാകരിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബിജെപി നേതൃത്വം ബിരേൻ സിംഗിന്‍റെ രാജിക്ക് വഴങ്ങിയത്.
ഒപ്പം ബീരേൻ സിംഗിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് അന്വേഷിക്കുന്നുണ്ട്.ഇത് സംബന്ധിച്ച് ബീരേൻ സിംഗിന്‍റെ ചില ഓഡിയോ ക്ളിപ്പുകളുടെ ഫോറൻസിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. രാജിക്കത്തിൽ മണിപ്പൂരിന്‍റെ വികസനത്തിന് സഹായം നല്കിയതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നു.