
ഊട്ടിയിൽ വന്യ മൃഗം ഭക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം; കടുവയെന്ന് പ്രാഥമിക നിഗമനം
ഊട്ടി: ഊട്ടി പേരാരകിന് സമീപം വന്യജീവി ആക്രണമത്തിൽ സ്ത്രീ മരിച്ചു. പൊമ്മൻ സ്വദേശിനിയായ അഞ്ജലൈ (52) ആണ് മരിച്ചത്. കടുവ ആക്രമിച്ചതാണെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം.
തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വന്യ മൃഗം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തേയില തോട്ടത്തിൽ ബുധനാഴ്ച ജോലിക്ക് പോയ അഞ്ജലൈ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ പണിക്ക് പോയ തോട്ടം തൊഴിലാളികൾ മൃതദേഹം കാണുകയായിരുന്നു. സമീപത്തായി വലിച്ചിഴച്ചതിന്‍റെ പാടുകളുമുണ്ട്.
വനം വകുപ്പ് പരിശോധിച്ച് വരികയാണ്. അതിന് ശേഷമേ ഏത് മൃഗമാണ് ആക്രമണത്തിനു പിന്നിലെന്ന് അറിയാനാവൂ എന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. മുൻകരുതലിന്‍റെ ഭാഗമായി തോട്ടത്തിൽ ഞായറാഴ്ച വരെ തൊഴിലാളികളുടെ പണി നിർത്തിവയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.