Wild animals from Madhya Pradesh to be resettled in Jharkhand

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം

file image

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം

മധ്യപ്രദേശിലെ ഒമ്പതു കടുവ സങ്കേതങ്ങളിലായി 785 കടുവകളുണ്ടെന്നാണ് അവസാന കണക്കെടുപ്പിലെ വിവരം
Published on

റാഞ്ചി: മധ്യപ്രദേശിലെ വനങ്ങളിൽ നിന്നു മൂന്നു കടുവകളും 50 കാട്ടുപോത്തുകളുമടക്കം 108 മൃഗങ്ങളെ ഝാർഖണ്ഡിലെ പാലമു കടുവസങ്കേതത്തിലേക്കു (പിടിആർ) മാറ്റുന്നു. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിക്ക് (എൻടിസിഎ) ഝാർഖണ്ഡ് അധികൃതർ നൽകിയ ശുപാർശയ്ക്ക് അനുമതി ലഭിച്ചാൽ ഈ മാസം തന്നെ മൃഗങ്ങളെ കാടുമാറ്റും. പാലമു വനത്തിൽ കടുവകളുടെയും കാട്ടുപോത്തുകളുടെയും എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു നീക്കം. 50 മ്ലാവുകളെയാണ് ഇവയ്ക്കൊപ്പം കാടുമാറ്റുന്നത്.

എൻടിസിഎയുടെ അനുമതി ഈ മാസം ലഭിക്കുമെന്നാണു കരുതുന്നതെന്നു പിടിആർ ഡെപ്യൂട്ടി ഡയറക്റ്റർ പ്രജേഷ് ജേന. അതിനു പിന്നാലെ മധ്യപ്കദേശ് സർക്കാരിന്‍റെ അനുമതി കൂടി ലഭിച്ചാൽ പുനരധിവാസ പദ്ധതി നടപ്പാക്കും. മധ്യപ്രദേശ് വനത്തിൽ നിന്നു രണ്ടു പെൺകടുവകളെയും ഒരു ആൺകടുവയെയും പാലമുവിലേക്കു മാറ്റുന്നതിലൂടെ ഇവിടത്തെ കടുവക്ഷാമം പരിഹരിക്കാമെന്നാണു പ്രതീക്ഷ. മധ്യപ്രദേശിലെ ഒമ്പതു കടുവ സങ്കേതങ്ങളിലായി 785 കടുവകളുണ്ടെന്നാണ് അവസാന കണക്കെടുപ്പിലെ വിവരം. ഇപ്പോഴത് 1000 കടന്നിട്ടുണ്ടാകുമെന്നു കരുതുന്നു.

2023ലെ എൻടിസിഎയുടെ കണക്കുപ്രകാരം പാലമുവിലുള്ളത് ഒരേയൊരു കടുവയാണ്. എന്നാൽ,മൂന്നു മുതൽ നാലു വരെ കടുവകളുടെ സാന്നിധ്യത്തിന് തെളിവുണ്ടെന്നു പിടിആർ അധികൃതർ പറയുന്നു. പിടിആറിൽ ആൺ കടുവകൾ മാത്രമാണുള്ളതെന്നും പെൺ കടുവകളെത്തുന്നതോടെ എണ്ണം വർധിപ്പിക്കാനാകുമെന്നും ജേന.

1974ൽ കടുവസംരക്ഷണ പദ്ധതി തുടങ്ങുമ്പോൾ 1129 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പിടിആറിൽ 22 കടുവകളുണ്ടായിരുന്നു. 1995ൽ ഇവയുടെ എണ്ണം 71ലേക്ക് ഉയർന്നെങ്കിലും പിന്നീട് കറയുകയായിരുന്നു. ഇരകൾ ഇല്ലാതായതും വനം കൈയേറ്റവുമാണ് കടുവകളില്ലാതാകാൻ കാരണമെന്നു ഝാർഖണ്ഡ് വന്യജീവി ബോർഡ് മുൻ അംഗം ഡി.എസ്. ശ്രീവാസ്തവ പറഞ്ഞു. കാട്ടുപോത്തുകളെയും മ്ലാവുകളെയും രണ്ടു വർഷത്തിനിടെ ഘട്ടങ്ങളായാകും കൊണ്ടുവരിക. മധ്യപ്രദേശിൽ 2500ലേറെ കാട്ടുപോത്തുകളുണ്ട്. ഝാർഖണ്ഡിലെത്തിക്കുന്ന മൃഗങ്ങളെ തുടക്കത്തിൽ കാലാവസ്ഥയോടു പൊരുത്തപ്പെടാൻ പ്രത്യേകം വലയിട്ട പ്രദേശത്ത് പാർപ്പിക്കും. പിന്നീടാകും തുറന്നുവിടുക.

logo
Metro Vaartha
www.metrovaartha.com